Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബിജെപി ഡീല്‍' ആരോപണം തിരിച്ചടിയായി, തോറ്റാല്‍ ഉത്തരവാദിത്തം ഷാഫിക്ക്; പാലക്കാട് കോണ്‍ഗ്രസില്‍ 'പൊട്ടലും ചീറ്റലും'

ഷാഫി ബിജെപിയെ എതിര്‍ത്ത് സംസാരിക്കാത്തതും തുടര്‍ച്ചയായി സിപിഎമ്മിനെ മാത്രം വിമര്‍ശിക്കുന്നതും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്

Shafi Parambil, Rahul Mamkootathil and VK Sreekandan

രേണുക വേണു

, ബുധന്‍, 6 നവം‌ബര്‍ 2024 (08:47 IST)
പാലക്കാട് കോണ്‍ഗ്രസില്‍ ഷാഫി പറമ്പിലിനെതിരെ വിമത നീക്കം. ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്തം ഷാഫിക്കാണെന്ന് ഡിസിസിയിലെ വിമത നേതാക്കള്‍. 'കോണ്‍ഗ്രസ്-ബിജെപി ഡീല്‍' ആരോപണത്തിനു പ്രധാന കാരണം ഷാഫി പറമ്പിലിന്റെ നീക്കങ്ങളാണെന്ന് ഡിസിസിയിലെ പ്രമുഖ നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ബിജെപിയുമായി കോണ്‍ഗ്രസ് ഡീല്‍ നടത്തിയെന്ന ആരോപണത്തെ ഇടതുപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നും ഡിസിസി നേതൃത്വം വിലയിരുത്തുന്നു. 
 
ഷാഫി ബിജെപിയെ എതിര്‍ത്ത് സംസാരിക്കാത്തതും തുടര്‍ച്ചയായി സിപിഎമ്മിനെ മാത്രം വിമര്‍ശിക്കുന്നതും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് നാല് കോടി രൂപ ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ കൈമാറിയിട്ടുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. ഷാഫിക്ക് നാല് കോടി രൂപ കൈമാറിയതിനു എന്താണ് തെളിവെന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്നോടു ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന മറുപടിയാണ് സുരേന്ദ്രന്‍ നല്‍കിയത്. സുരേന്ദ്രന്റെ വെളിപ്പെടുത്തലുകളെ തള്ളാനോ ചോദ്യം ചെയ്യാനോ ഷാഫി പറമ്പില്‍ പോലും പേടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലും 'കോണ്‍ഗ്രസ്-ബിജെപി ഡീല്‍' സംശയം ബലപ്പെട്ടിരിക്കുന്നത്. 
 
അതേസമയം പാലക്കാട് പിടിമുറുക്കിയിരിക്കുകയാണ് ഇടതുപക്ഷം. 'കോണ്‍ഗ്രസ്-ബിജെപി ഡീല്‍' ആരോപണം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. കെപിസിസി, ഡിസിസി നേതൃത്വങ്ങളെ തള്ളി സ്വന്തം നോമിനിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഷാഫി വാശിപിടിച്ചത് ഈ ഡീലിന്റെ ഭാഗമായാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. ബിജെപി വിരുദ്ധ പരമ്പരാഗത കോണ്‍ഗ്രസ് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ പ്രചാരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

US Presidential Election 2024 Result Live Updates: വൈറ്റ് ഹൗസിലേക്ക് ട്രംപ് തന്നെ ? ആദ്യ മണിക്കൂറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലീഡ്