ഗാസ വെടിനിർത്തൽ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ; ട്രംപിന്റെ പദ്ധതി കൊള്ളാമെന്ന് നെതന്യാഹു
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി.
വാഷിങ്‌ടൻ: ഗാസ വെടിനിർത്തലിന് യു.എസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. വൈറ്റ്‌ഹൗസിൽ സംയുക്‌ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി.
ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ അതിന്റെ ജോലി പൂർത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധത്തിൽ ത്താങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതാണ് ട്രെമ്പിന്റെ പദ്ധതിയെന്നും ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണം ഉണ്ടാകുമെന്നും നെതന്യാഹു ഊന്നിപ്പറഞ്ഞു.
'ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പിന്മാറും. ഗാസ ഒരു പരിവർത്തനത്തിന് വിധേയമാകാതെ പലസ്തീൻ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിർവഹിക്കാൻ കഴിയില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്‌ഞാബദ്ധമാണ്. ഒക്‌ടോബർ 7 മറക്കില്ല', നെതന്യാഹു പറഞ്ഞു.