വംശഹത്യക്ക് നേതൃത്വം നല്‍കുന്നവനെ കേള്‍ക്കാന്‍ ഞങ്ങള്‍ ഇല്ല; നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസില്‍ നിന്ന് ഇറങ്ങിപ്പോക്ക് (വീഡിയോ)
നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്‌കരിച്ചത്
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാടകീയ രംഗങ്ങള്‍. നെതന്യാഹു പ്രസംഗം തുടങ്ങുന്നതിനു മുന്‍പ് നിരവധി പ്രതിനിധികള്‍ സഭയില്‍ നിന്നു ഇറങ്ങിപ്പോയി.
നെതന്യാഹുവിനു നേരെ കൂവിവിളിച്ചുകൊണ്ടാണ് മിക്ക നേതാക്കളും സഭ ബഹിഷ്‌കരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ചാണ് നടപടി. ഗാസയിലെ വംശഹത്യയെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് യുദ്ധക്കുറ്റ കേസുകള്‍ നേരിടുന്നയാളാണ് നെതന്യാഹു.
അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗാസയിലെ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നാണ് നെതന്യാഹു പറഞ്ഞത്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന യുഎന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ നെതന്യാഹു തള്ളിക്കളഞ്ഞു. ഗാസയില്‍ വംശഹത്യ നടക്കുന്നെന്ന ആരോപണത്തെ തമാശയെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.