അസംസ്കൃത എണ്ണ ഉത്പാദന വെട്ടിക്കുറവ് തുടരാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യ അടക്കമുളള ഉപഭോക്തൃ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് അപകടകരമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി. ഒപെക് പ്ലസ് കൂട്ടായ്‌മയുടെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് വില ഉയർന്നു.
മെയ് മാസ ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് ബാരലിന് 67.44 ഡോളറിലെത്തി. ഈ ആഴ്‌ച രണ്ട് ശതമാനമാണ് ക്രൂഡ് നിരക്ക് ഉയർന്നത്. അതേസമയം വില സെൻസിറ്റീവായ ഇന്ത്യൻ വിപണിയെ ഇത് വലിയ തോതിൽ ബാധിക്കുമെന്നും കൊവിഡിൽ നിന്നും പുറത്ത് കടക്കുന്ന ഉപഭോക്തൃരാജ്യങ്ങളെ ഈ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും പെട്രോളിയം-പ്രകൃതി വാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഉൽപാദന വെട്ടിക്കുറവ് ലഘൂകരിക്കാൻ ഇന്ത്യ ക്രൂഡ് നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.