Pope Francis Death Reason: പക്ഷാഘാതത്തെ തുടര്‍ന്ന് കോമയിലായി, ഒപ്പം ഹൃദയസ്തംഭനം; മാര്‍പാപ്പയുടെ മരണകാരണം പുറത്തുവിട്ട് വത്തിക്കാന്‍
Pope Francis Death: പക്ഷാഘാതത്തെ തുടര്‍ന്ന് മാര്‍പാപ്പ കോമയിലായി
Pope Francis Death Reason: ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നും ഇരട്ട ന്യുമോണിയയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ ഒടുവില്‍ മരണത്തിനു കീഴടങ്ങിയത് പക്ഷാഘാതവും ഹൃദയസ്തംഭനവും മൂലം. ഈസ്റ്റര്‍ ദിനത്തില്‍ ഊര്‍ജ്ജസ്വലനായി വിശ്വാസികളെ അഭിസംബോധന ചെയ്തതിനു പിറ്റേന്നാണ് മാര്‍പാപ്പയുടെ മരണം.
പക്ഷാഘാതത്തെ തുടര്‍ന്ന് മാര്‍പാപ്പ കോമയിലായി. ഇതിനൊപ്പം ഹൃദയസ്തംഭനവും വന്നു. വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ന്യുമോണിയയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കാരണം അഞ്ച് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ. ഫെബ്രുവരി 14 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി. എന്നാല്‍ അത്ഭുതകരമായാണ് അന്ന് ഇരട്ട ന്യുമോണിയയെ അതിജീവിച്ച് 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മാര്‍ച്ച് 23 നു ആശുപത്രി വിട്ട അദ്ദേഹം വത്തിക്കാനിലെ സാന്റ മാര്‍ത്ത വസതിയില്‍ വിശ്രമത്തില്‍ കഴിയവെയാണ് മരണത്തിനു കീഴടങ്ങിയത്.
ഹൈപ്പര്‍ടെന്‍ഷന്‍, ടൈപ് 2 ഡയബറ്റിസ്, ബ്രോങ്കൈറ്റിസ് എന്നീ അസുഖങ്ങളും മാര്‍പാപ്പയ്ക്ക് ഉണ്ടായിരുന്നു. ന്യുമോണിയ ഭേദമായി വസതിയിലേക്ക് തിരിച്ചെത്തിയെങ്കിലും ഒരുപാട് സമയം ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നു.
ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയായി 2013 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കക്കാരനായ ആദ്യ മാര്‍പാപ്പ കൂടിയാണ് പോപ്പ് ഫ്രാന്‍സിസ്.