Who is Pope Francis: കടുത്ത ഫുട്‌ബോള്‍ പ്രേമി, നിലപാടുകൊണ്ട് കമ്യൂണിസ്റ്റ്; ലൈംഗിക ന്യൂനപക്ഷങ്ങളെ സര്‍വാത്മനാ സ്വീകരിച്ച പോപ്പ് ഫ്രാന്‍സീസ്
Pope Francis Died: ജസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള വൈദികനാണ് ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ
ഫ്രാന്‍സീസ് മാര്‍പാപ്പ ഫിദല്‍ കാസ്‌ട്രോയ്‌ക്കൊപ്പം
Pope Francis: ആഗോള കത്തോലിക്കാസഭയുടെ 266-ാം തലവനായാണ് ഫ്രാന്‍സീസ് മാര്‍പാപ്പ 2013 മാര്‍ച്ച് 13 നു തിരഞ്ഞെടുക്കപ്പെട്ടത്. 12 വര്‍ഷക്കാലത്തെ സേവനത്തിനു ശേഷം 2025 ഏപ്രില്‍ 21 നു പ്രാദേശിക സമയം രാവിലെ 7.35 നു പോപ്പ് ഫ്രാന്‍സീസ് ഈ ലോകത്തോടു വിടപറഞ്ഞു.
അര്‍ജന്റൈന്‍ കര്‍ദ്ദിനാളായ ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ മാര്‍പാപ്പയായ ശേഷമാണ് 'ഫ്രാന്‍സീസ്' എന്ന പേര് തിരഞ്ഞെടുത്തത്. പീഡിപ്പിക്കപ്പെടുന്ന മനുഷ്യരോടും ദരിദ്രരോടും സഹാനുഭൂതി കാണിച്ച വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ഭക്തിയാണ് ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോയെ 'പോപ്പ് ഫ്രാന്‍സീസ്' ആക്കിയത്. ആഗോള കത്തോലിക്കാ സഭയുടെ തലവനായി അധികാരത്തിലെത്തുമ്പോള്‍ 76 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ജസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ നിന്നുള്ള വൈദികനാണ് ജോര്‍ജ് മരിയോ ബെര്‍ഗോഗ്ലിയോ. 1936 ലാണ് പുരോഹിതനായത്. ജര്‍മനിയിലെ ഉപരിപഠനത്തിനു ശേഷം 1992 ല്‍ ബ്യൂണസ് ഏരിസിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. 1998 ല്‍ ആര്‍ച്ച് ബിഷപ്പായി. പാവങ്ങളെ സഹായിക്കുകയായിരുന്നു ബെര്‍ഗോഗ്ലിയോയുടെ പ്രധാന പൗരോഹിത്യ ലക്ഷ്യം. 2001 ല്‍ കര്‍ദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ടു.
2005 ല്‍ നടന്ന അര്‍ജന്റീനയിലെ ബിഷപ് കോണ്‍ഫറന്‍സിനെ നയിച്ചത് ജോര്‍ജ് മരിയോ ആണ്. 2013 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ ഓരോ തീരുമാനങ്ങളിലും പോപ്പ് ഫ്രാന്‍സീസ് കത്തോലിക്കാസഭയെ ഞെട്ടിക്കുകയായിരുന്നു. മുന്‍ മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന എല്ലാ ആഡംബര സൗകര്യങ്ങളും ഫ്രാന്‍സീസ് നിഷേധിച്ചു. ആഡംബര കാര്‍, വില കൂടിയ ചുവപ്പ് ഷൂസ്, മറ്റു ആഡംബര വസ്തുക്കള്‍ എന്നിവയോട് ഫ്രാന്‍സീസ് ആദ്യമേ 'നോ' പറഞ്ഞു. 'സഭ പാവങ്ങളുടെയാണ്, പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്' എന്നു ഫ്രാന്‍സീസ് പലവട്ടം ആവര്‍ത്തിച്ചു. വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസില്‍ താമസിക്കണ്ട എന്നായിരുന്നു ഫ്രാന്‍സീസിന്റെ തീരുമാനം. ജീവിക്കാന്‍ ഇത്ര വലിയ സ്ഥലം എന്തിനാണെന്നാണ് ഫ്രാന്‍സീസ് ചിരിച്ചുകൊണ്ട് ചോദിച്ചത്.
അര്‍ജന്റീനക്കാരന്‍ ആയതുകൊണ്ട് തന്നെ കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായിരുന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഒന്നിലേറെ തവണ നേരിട്ടു കണ്ടു. ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫിദല്‍ കാസ്‌ട്രോയുമായി ഫ്രാന്‍സീസ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.
എല്ലാ മനുഷ്യരെയും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ പോപ്പ് ഫ്രാന്‍സീസ് തയ്യാറായിരുന്നു. സ്വവര്‍ഗ ലൈംഗികതയെ ഫ്രാന്‍സീസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നുകൊണ്ട് തന്നെ സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്ന ധീരമായ നിലപാടെടുക്കാന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്കു സാധിച്ചു.
ഈസ്റ്റര്‍ തിരുന്നാളിന്റെ പിറ്റേന്നാണ് ഫ്രാന്‍സീസ് പാപ്പയുടെ അന്ത്യം. വിദ്വേഷത്തിനും വെറുപ്പിനും മേല്‍ സ്‌നേഹം വിരാജിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പ ഈസ്റ്റര്‍ സന്ദേശം നല്‍കിയത്. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകാനും സമാധാനം പുനസ്ഥാപിക്കപ്പെടാനും താന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സീസ് പാപ്പ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പട്ടിണിയിലായ പാവപ്പെട്ട മനുഷ്യര്‍ക്കായി നിലകൊള്ളാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സമാധാനത്തോടെയുള്ള ഭാവി സാധ്യമാകണമെന്നും പറഞ്ഞാണ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വിടവാങ്ങല്‍..!