ഹമാസ് നേതാക്കള്‍ രാജ്യം വിടണമെന്ന് ഖത്തര്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തകള്‍ തള്ളി ഖത്തര്‍. അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദം മൂലമാണ് ഖത്തര്‍ രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസുകള്‍ അടയ്ക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസയില്‍ ഹമാസ് ബന്ധികളാക്കിയ ഇസ്രായേലികളെ വിട്ടുകൊടുക്കുന്നതില്‍ തീരുമാനമുണ്ടാവാതെ തുടരുന്ന സാഹചര്യത്തിലാണ് അമേരിക്ക ഖത്തറിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
യു എസ് ഉദ്യോഗസ്ഥരുമായി ഏറെ നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 10 ദിവസം മുന്‍പാണ് ഖത്തര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ല്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ധികളാക്കിയവരെ കടുത്ത ആക്രമണം ഇസ്രായേല്‍ തുടരുന്ന സാഹചര്യത്തിലും ഹമാസ് കൈമാറിയിരുന്നില്ല. ഇസ്രായേലി സൈന്യം പിന്മാറാതെ ബന്ധികളെ വിട്ടുനല്‍കില്ലെന്നാണ് ഹമാസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ സഖ്യകക്ഷികളൊന്നും തന്നെ ഹമാസിന് സ്ഥാനം നല്‍കരുതെന്നാണ് അമേരിക്കയുടെ നിലപാട്,
അതേസമയം പലസ്തീന്‍ സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി ഖത്തര്‍ ഇനിയും നിലകൊള്ളൂമെന്നും ഖത്തറിലെ ഹമാസ് ഓഫീസ് പൂട്ടാന്‍ നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഖത്തര്‍ അറിയിച്ചു. തങ്ങളുടെ നേതാക്കളോട് രാജ്യം വിട്ട് പോകാന്‍ ഖത്തര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഹമാസും പ്രതികരിച്ചു.