Who is Yahya Sinwar: ഇസ്രയേലിനെ വിറപ്പിച്ച ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ സൂത്രധാരന്‍, അന്നേ അമേരിക്ക നോട്ടമിട്ടിരുന്നു; ആരാണ് യഹ്യ സിന്‍വര്‍?
ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്
Who is Yahya Sinwar: പലസ്തീന്‍ സായുധ സംഘമായ ഹമാസിന്റെ തലവന്‍ യഹ്യ സിന്‍വറിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രയേല്‍ സൈന്യവും വിദേശകാര്യമന്ത്രിയും യഹ്യ സിന്‍വര്‍ ജീവിച്ചിരിപ്പില്ലെന്ന് ആവര്‍ത്തിച്ചു പറയുന്നു. ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സിന്‍വറിനെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സിന്‍വര്‍ ആയിരുന്നു. ഹമാസ് തലപ്പത്തേക്ക് എത്തി മൂന്നാം മാസമാണ് സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നത്. 2023 ഒക്ടോബര്‍ ഏഴിനു ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സിന്‍വറിനെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു.
'ചെകുത്താന്റെ മുഖം' എന്നാണ് ഇസ്രയേല്‍ യഹ്യ സിന്‍വറിനെ വിശേഷിപ്പിച്ചിരുന്നത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു പകരം വീട്ടാനും സിന്‍വറിനെ കൊലപ്പെടുത്താനും ഇസ്രയേല്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. 1980 കളിലാണ് സിന്‍വര്‍ ഹമാസില്‍ ചേരുന്നത്. ഒക്ടോബര്‍ ഏഴിലെ ആക്രമണങ്ങള്‍ക്കു ശേഷം ഒളിവുജീവിതം നയിച്ചുപോരുകയായിരുന്നു. 2017 ലാണ് ഹമാസ് പൊളിറ്റ് ബ്യൂറോയുടെ രാഷ്ട്ര തലവന്‍ ആയി സിന്‍വര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ 1962 ലാണ് സിന്‍വറിന്റെ ജനനം. രണ്ട് ഇസ്രയേല്‍ സൈനികരെയും ഇസ്രയേലിനെ പിന്തുണച്ചതിനു സംശയ നിഴലില്‍ ആയിരുന്ന നാല് പലസ്തീന്‍ സ്വദേശികളെയും കൊലപ്പെടുത്തിയതിന്റെ പേരില്‍ 1988 ല്‍ നാല് ജീവപര്യന്ത ശിക്ഷകള്‍ക്ക് വിധിക്കപ്പെട്ട ആളാണ് സിന്‍വര്‍.
ജയില്‍വാസം അനുഭവിച്ചിരുന്ന സമയത്ത് ശത്രുക്കളെ പഠിക്കാനാണ് താന്‍ ശ്രമിച്ചിരുന്നതെന്ന് സിന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഇതിനിടെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹീബ്രു ഭാഷയും പഠിച്ചു. 2011 ല്‍ ജയില്‍മോചിതനായി. 15 വര്‍ഷമാണ് സിന്‍വര്‍ ഇസ്രയേലിലെ ജയിലില്‍ കിടന്നത്. 2023 ഒക്ടോബര്‍ ഏഴ് ആക്രമണത്തിനു കരുക്കള്‍ നീക്കിയതും തന്ത്രങ്ങള്‍ മെനഞ്ഞതും സിന്‍വര്‍ ആയിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം ആയിരുന്നു അത്. ഏകദേശം 1,200 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. 2015 ല്‍ യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സ്റ്റേറ്റും യൂറോപ്യന്‍ യൂണിയനും സിന്‍വറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചു.