Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്കായി തുറന്നു; ഇനി വിമാനങ്ങൾക്ക് പാകിസ്ഥാനിലൂടെ പറക്കാം

ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പാക് വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്കായി തുറന്നു; ഇനി വിമാനങ്ങൾക്ക് പാകിസ്ഥാനിലൂടെ പറക്കാം
, ചൊവ്വ, 16 ജൂലൈ 2019 (10:31 IST)
ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ അടച്ച വ്യോമപാത പാക്കിസ്ഥാന്‍ തുറന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്കു മാറ്റിയാണ് പാക്കിസ്ഥാന്റെ നടപടി. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
 
വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ക്ക് ആശ്വാസകരമാണ്. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.
 
ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനു മറുപടിയായിട്ടാണ് ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഇതിനു പിന്നാലെ ഫെബ്രുവരി 26ന് പാക്കിസ്ഥാന്‍ അവരുടെ വ്യോമപാതയും അടച്ചു.
 
അതിനുശേഷം ആകെയുള്ള 11 വ്യോമപാതകളില്‍ ദക്ഷിണ പാക്കിസ്ഥാനിലൂടെയുള്ള രണ്ടെണ്ണം മാത്രമാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ഇതോടെ ഒട്ടേറെ രാജ്യാന്തര സര്‍വീസുകള്‍ വഴിതിരിച്ചു വിടേണ്ടതായും വന്നു.
 
പാക്ക് നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാതയും അടച്ചിരുന്നെങ്കിലും മേയ് 31ന് എല്ലാ വിലക്കുകളും നീക്കിയതായി ഇന്ത്യ അറിയിച്ചു. പാക്ക് വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1 കോടിയും നഷ്ടമുണ്ടായി. സ്വന്തം വ്യോമാതിര്‍ത്തി അടച്ച പാക്കിസ്ഥാനു നഷ്ടം 688 കോടി രൂപയാണ്.
 
ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര വിപണി വിഹിത എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് പാക്ക് വ്യോമപാത അടച്ചതിനാല്‍ ഡല്‍ഹിയില്‍നിന്ന് ഇസ്താംബുള്ളിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സാധിച്ചിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ഡല്‍ഹി–ഇസ്താംബുള്‍ സര്‍വീസിന് അതിനാല്‍ അറേബ്യന്‍ സമുദ്രം വഴിയുള്ള നീണ്ട വ്യോമപാതയെ ആശ്രയിക്കേണ്ടി വന്നു. കൂടാതെ ഇന്ധനം നിറയ്ക്കാനായി ദോഹയില്‍ ഇറക്കേണ്ടിയും വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളികഴിഞ്ഞ് വസ്ത്രം മാറുന്നതിനിടെ കുട്ടികള്‍ ചുവന്ന ‘ട്രൗസര്‍ കുടഞ്ഞു’, അപകട മുന്നറിയിപ്പെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി