കുളികഴിഞ്ഞ് വസ്ത്രം മാറുന്നതിനിടെ കുട്ടികള്‍ ചുവന്ന ‘ട്രൗസര്‍ കുടഞ്ഞു’, അപകട മുന്നറിയിപ്പെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി
കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരുകുട്ടി ചുവപ്പ് നിറമുള്ള ട്രൗസര്‍ കയ്യിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിന്‍ കടന്നു വന്നത്.
കുളത്തില്‍ കുളിച്ചു കയറിയ കുട്ടികള്‍ ചുവപ്പ് ട്രൗസര്‍ കുടയുന്നതുകണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ നിര്‍ത്തി. തലശേരിയില്‍ ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയില്‍വേ സ്റ്റേഷന് സമീപമാണു സംഭവം. 5 മിനിറ്റിലേറെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് എടക്കാട് നിര്‍ത്തിയിട്ടത്.
വീട്ടില്‍ അറിയാതെ 13, 14 വയസുള്ള 4 കുട്ടികള്‍കുളിക്കാനെത്തിയതായിരുന്നു. ഇവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഒന്നാം പ്‌ളാറ്റ്‌ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോര്‍ഡിനടുത്തെ മരപ്പൊത്തില്‍ സൂക്ഷിച്ചുവെക്കുകയായിരുന്നു. കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയില്‍ ഒരുകുട്ടി ചുവപ്പ് നിറമുള്ള ട്രൗസര്‍ കയ്യിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിന്‍ കടന്നു വന്നത്.
ചുവപ്പ് തുണി ഉയര്‍ത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. വിവരമറിഞ്ഞു ആര്‍പിഎഫ് എഎസ്‌ഐ ശ്രീലേഷ്, കോണ്‍സ്റ്റബിള്‍ കെ.സുധീർ, സ്‌പെഷല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവര്‍ എത്തി കുട്ടികളോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. സംഭവം വ്യക്തമായതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടികളെ വിട്ടയച്ചു. കാരണമില്ലാതെ ട്രെയിന്‍ നിര്‍ത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.