യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ; കടുത്ത അതൃപ്തി രേഖപ്പെടുത്തി ട്രംപ്
റഷ്യ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുക്രൈനിലെ അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി റഷ്യ. സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് ഈ പ്രകോപനംമെന്നും ഈ യുദ്ധവുമായി ബന്ധപ്പെട്ട ഒന്നിലും താന്‍ സന്തുഷ്ടനല്ലെന്നും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ റഷ്യ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആക്രമണത്തെ യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി അപലപിച്ചു. ഇതോടെ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അമേരിക്കയില്‍ ശക്തമായിട്ടുണ്ട്. അതേസമയം യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ രംഗത്തെത്തി. കൂടാതെ ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയ യുഎസ് നിലപാട് ശരിവയ്ക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് നവാരോ ആരോപിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27നപ്പുറത്തേക്ക് ട്രംപ് നീട്ടുമെന്ന് താന്‍ കരുതുന്നില്ലെന്ന് നവാരോ പറഞ്ഞു. അതേസമയം യുക്രൈനില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിന് ഉപയോഗിച്ചത് 40 മിസൈലുകളും 574 ഡ്രോണുകളുമാണ്. പടിഞ്ഞാറന്‍ നഗരമായ ലവീവിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം.