യുക്രെയ്‌നിനെതിരായ ആക്രമണം റഷ്യ കടുപ്പിച്ചതിന് പിന്നാലെ പോളണ്ട് അതിര്‍ത്തി കടന്നെത്തിയ റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി പോളണ്ട്. യുക്രെയ്‌നെ ലക്ഷ്യമിട്ട് പോളണ്ട് അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ റഷ്യ ശ്രമിച്ചിരുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തി റഷ്യ ലംഘിച്ചെന്നും റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും പോളണ്ട് അറിയിച്ചു. റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അതീവജാഗ്രതയിലാണ് പോളണ്ട്. തലസ്ഥാനമായ വാഴ്‌സയിലെ 2 വിമാനത്താവളങ്ങള്‍ ഉള്‍പ്പടെ 4 വിമാനത്താവളങ്ങള്‍ പോളണ്ട് അടച്ചിട്ടിരിക്കുകയാണ്.
റഷ്യന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടന്നതിന് പിന്നാലെ പോളണ്ട് സൈനികവിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം സജ്ജമാക്കി. റഡാര്‍ സംവിധാനവും സജ്ജമാണെന്ന് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.