റഷ്യ- യുക്രെയ്ന്‍ യുദ്ധം 3 വര്‍ഷം പിന്നിടുമ്പോള്‍ യുക്രെയ്‌നിന്റെ സൈനിക ആവശ്യങ്ങള്‍ നിറവേറ്റാനായി സൈനികസേവനത്തിനുള്ള പ്രായപരിധി 25ല്‍ നിന്നും 18 ആക്കി കുറയ്ക്കണമെന്ന് നിര്‍ദേശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം 1000 ദിവസം പിന്നിട്ട സാഹചര്യത്തില്‍ യുക്രെയ്‌നെതിരായ യുദ്ധം റഷ്യ കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോ ബൈഡന്റെ നിര്‍ദേശം.
യുദ്ധമുഖത്ത് തിരിച്ചടി നേരിടുന്നതിനാല്‍ യുക്രെയ്ന്‍ അവരുടെ സൈനികശേഷി ഉയര്‍ത്തണമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ ആവശ്യം. കഴിഞ്ഞ ഏപ്രിലിലാണ് സൈനികസേവനത്തിനുള്ള പ്രായം യുക്രെയ്ന്‍ 27ല്‍ നിന്നും 25 ആയി കുറച്ചത്. എന്നാല്‍ പ്രായപരിധി ഇനിയും കുറയ്ക്കുന്നത് യുദ്ധമുഖത്ത് കൂടുതല്‍ ചെറുപ്പക്കാരെത്തുന്നതിന് കാരണമാകുമെങ്കിലും യുദ്ധം മൂലം പ്രയാസപ്പെടുന്ന യുക്രെയ്ന്‍ സാമ്പത്തിക വ്യവസ്ഥയെ ഈ നീക്കം ദോഷകരമായി ബാധിക്കും.നിലവില്‍ 10 ലക്ഷത്തോളം പേരാണ് യുക്രെയ്ന്‍ സേനയിലുള്ളത്. യുദ്ധമുഖത്തേക്ക് ഒന്നരലക്ഷത്തില്‍ കൂടുതല്‍ പേരെ നിലവില്‍ യുക്രെയ്‌നിന് ആവശ്യമായുണ്ട്.
യുക്രെയ്‌നിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കാമെന്ന് പറയുന്ന അമേരിക്ക പക്ഷേ യുക്രെയ്‌ന് നിലവില്‍ ഏറ്റവും ആവശ്യം യുദ്ധമുഖത്ത് കൂടുതല്‍ സൈനികരാണെന്ന് വ്യക്തമാക്കുന്നു 2022ലെ യുക്രെയ്‌ന് മുകളിലുള്ള റഷ്യന്‍ അധിനിവേശത്തിന് ശേഷം യുക്രെയ്‌നായി 56 ബില്യണ്‍ ഡോളര്‍ യുഎസ് ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ജോ ബൈഡന്‍ പുറത്തുപോകന്‍ 2 മാസമിരിക്കെ കൂടുതല്‍ തുക അമേരിക്ക യുക്രെയ്‌ന് അനുവദിച്ചേക്കും. 2025 ജനുവരി 20നാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുമെന്നാണ് വിഷയത്തില്‍ ട്രംപിന്റെ നിലപാട്.