വിവാദ നയത്തിന് അന്ത്യം, ട്രംപ് തീരുമാനത്തിൽ നിന്ന് പിന്മാറി; ഇനി കുഞ്ഞുങ്ങളെ പിരിക്കില്ല
ട്രംപ് തീരുമാനത്തിൽ നിന്ന് പിന്മാറി; ഇനി കുഞ്ഞുങ്ങളെ പിരിക്കില്ല
സ്വന്തം ഭാര്യ ഉൾപ്പെടെ, ലോകം മുഴുവൻ പ്രതിഷേധവുമായെത്തിയതിന് പിന്നാലെ 'സീറോ ടോളറൻസ്' നയം പിൻവലിക്കാൻ ട്രംപ് തീരുമാനിച്ചു. ബുധനാഴ്ച അദ്ദേഹത്തിന്റെ ഓവൽ ഓഫിസിൽ വച്ച് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചു. ‘ഞങ്ങൾക്ക് ശക്തമായ അതിർത്തികൾ ഉണ്ടാവാൻ പോകുന്നു. എന്നാൽ കുടുംബങ്ങളെ ഒരുമിച്ചു നിർത്താൻ തീരുമാനിച്ചു,’ - ട്രംപ് പറഞ്ഞു.
മതിയായ രേഖകളില്ലാതെ യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്‌ത് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുക എന്നതായിരുന്നു ട്രംപിന്റെ വിവാദനയം. ഇതിനെത്തുടർന്ന്, ഏപ്രിൽ 19 മുതൽ മേയ് 31 വരെ കൈക്കുഞ്ഞുങ്ങളടക്കം രണ്ടായിരത്തോളം കുട്ടികളെയാണു സംരക്ഷണ കേന്ദ്രങ്ങളിലാക്കിയത്.
ട്രംപിന്റെ ഈ നയത്തിനെതിരെ ഭാര്യ മെലാനിയ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കനത്ത പ്രതിഷേധമാണ് ഉയർന്നത്. എങ്കിലും നയത്തിൽ നിന്ന് മാറാൻ ഞാൻ തയ്യാറല്ലെന്നായിരുന്നു ട്രംപിന്റെ തീരുമാനം. നിരന്തര സമ്മർദത്തത്തെ തുടർന്നാണ് അദ്ദേഹം നയത്തിൽ അയവു വരുത്താൻ തയ്യാറായതെന്നുതന്നെ പറയാം.