ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്
താന്‍ മുന്‍കൈയെടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
ഗാസയിലെ യുദ്ധം അവസാനിപ്പിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുന്‍കൈയെടുത്ത് അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിച്ചു എന്ന് പറയാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയ്യാറായിട്ടില്ല എന്ന് ഒരു റിപ്പോര്‍ട്ടര്‍ ട്രംപിനോട് ചോദിക്കുകയായിരുന്നു. ഉടനടി ട്രംപ് മറുപടി നല്‍കി -യുദ്ധം അവസാനിച്ചു.
ആഗോളതലത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ താന്‍ നിര്‍ണായക പങ്കു വഹിച്ചു എന്ന് ട്രംപ് പറഞ്ഞു. ഇസ്രയേല്‍ യാത്രയ്ക്കായി എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. താന്‍ തിരിച്ച് എത്തുമ്പോള്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടുമെന്നും ട്രംപ് പറഞ്ഞു.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയില്‍ യുദ്ധം നടക്കുന്നുണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ തിരിച്ചു വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ എനിക്ക് മിടുക്കുണ്ട്. താന്‍ ഇതൊക്കെ ചെയ്യുന്നത് നോബലിനു വേണ്ടി അല്ലെന്നും ജീവന്‍ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി.