ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്
17500 കോടി ഡോളര്‍ വരെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 17500 കോടി ഡോളര്‍ വരെയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ ബഹിരാകാശ സേനാ ജനറല്‍ മൈക്കില്‍ ഗെറ്റ്‌ലീന്‍ പദ്ധതിക്ക് നേതൃത്വം നല്‍കും. കൂടാതെ പദ്ധതിയുടെ ഭാഗമാകാന്‍ കാനഡ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഈ പ്രതിരോധ സംവിധാനത്തിന് ബഹിരാകാശത്തുനിന്നും ലോകത്തിന്റെ മറ്റു ഭാഗത്തുനിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ പോലും തടയാന്‍ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
അതേസമയം റഷ്യയും ചൈനയും ഈ പദ്ധതിയെ എതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.