അധികാരം ഒഴിയുമെന്ന് ആദ്യമായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ഇലക്ട്രല്‍ കോളേജ് വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിന് പിന്നാലെ വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചത്.
തിരെഞ്ഞെടുപ്പ് ഫലത്തിനോട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും ജനുവരി 20ന് അധികാരകൈമാറ്റം ഉണ്ടാകുമെന്ന് ട്രംപ് പ്രസ്‌താവിച്ചു. അതേ സമയം കഴിഞ്ഞ രണ്ട് മാസത്തിലുടനീളം താന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് 2024ലെ തിരെഞ്ഞെടുപ്പിന്റെ സൂചന നൽകി ട്രംപ് പറഞ്ഞു.
ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികൾ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിലേക്ക് ഇരച്ചെത്തി അക്രമം നടത്തിയിരുന്നു. തുടർന്ന് അക്രമികളെ നീക്കം ചെയ്‌ത ശേഷമാണ് ബൈഡന്റെ വിജയം അംഗീകരിച്ചത്.
ജനുവരി 20നാണ് യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേൽക്കുന്നത്.