റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തെ തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ ശക്തമായ സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ- കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ കരയിലേക്ക് ആഞ്ഞടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പസിഫിക് സമുദ്രത്തില്‍ പെട്രോ പാവ്‌ലോവ്‌സ്‌ക്- കാംചാറ്റ്‌സ്‌കി നഗരത്തിന് തെക്ക് കിഴക്കായി 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
റഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ജപ്പാനിലും എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സുനാമി തിരകള്‍ എത്തിയത്. ഫുകുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഇതിനെ തുടര്‍ന്ന് ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനിലുണ്ടായ സുനാമിയില്‍ ആണവകേന്ദ്രം തകര്‍ന്നിരുന്നു. അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലാസ്‌കയിലും ഹവായിലുമാണ് സുനാമി മുന്നറിയിപ്പുള്ളത്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.