വെടിനിര്‍ത്തലിനു തയ്യാറെന്നു യുക്രെയ്ന്‍; ട്രംപിനു സെലന്‍സ്‌കിയുടെ നന്ദി
30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് നേരത്തെ അമേരിക്ക മുന്നോട്ടുവെച്ചത്
വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി. വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ യുഎസ് റഷ്യയെ പ്രേരിപ്പിക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ജിദ്ദയില്‍ വെച്ച് നടന്ന യുഎസ്-യുക്രെയ്ന്‍ നയതന്ത്ര പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് സെലെന്‍സ്‌കിയുടെ പ്രതികരണം.
30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് നേരത്തെ അമേരിക്ക മുന്നോട്ടുവെച്ചത്. അമേരിക്കയുടെ ആവശ്യപ്രകാരം ഒരു മാസത്തെ വെടിനിര്‍ത്തലിനു സന്നദ്ധരാണെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. റഷ്യ കൂടി ഇതിനോടു അനുകൂല നിലപാടെടുക്കണമെന്നാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്.
' നമ്മള്‍ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാന്‍ യുക്രെയ്ന്‍ തയ്യാറാണ്. റഷ്യയും ഈ സമാധാന നീക്കത്തോടു 'യെസ്' മൂളുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പന്ത് ഇപ്പോള്‍ അവരുടെ കൈവശമാണ്. ഇനി അവര്‍ക്ക് തീരുമാനിക്കാം. അവര്‍ 'നോ' പറയുകയാണെങ്കില്‍ ഇവിടെ സമാധാനത്തിനു വിഘാതം സൃഷ്ടിക്കുന്നത് ആരാണെന്ന് നമുക്ക് വ്യക്തമാകും,' ജിദ്ദയിലെ ചര്‍ച്ചകള്‍ക്കു ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു.