മേലുദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; വ്യോമസേനയിലെ ലൈംഗിക പരാതികള്‍ പുറത്തുവിട്ട് മാര്‍ത്ത - ഞെട്ടലോടെ യുഎസ്

വ്യാഴം, 7 മാര്‍ച്ച് 2019 (11:21 IST)
മേലുദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി മുന്‍ ഉദ്യോഗസ്ഥ. യുഎസ് വ്യോമസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായ മാർത്ത മക്സാല്ലിയാണ് പീഡനവിവരം വെളിപ്പെടുത്തിയത്.

സൈന്യത്തിലെ ലൈംഗിക പീഡനം അന്വേഷിക്കുന്ന സെനറ്റിന്റെ സബ് കമ്മിറ്റിയോട് മാർത്ത ഞെട്ടിക്കുന്ന വിവരങ്ങള്‍ പറഞ്ഞത്. അതേസമയം, ആരാണ് പീഡിപ്പിച്ചതെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.

പീഡനം ഏറ്റുവാങ്ങിയിട്ടും പരാതിപ്പെടാന്‍ മനസ് വന്നില്ല. അന്നത്തെ സംവിധാനത്തോട് തന്റെ അവസ്ഥ പറഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന് തോന്നിയിരുന്നില്ല. പരാതി പറഞ്ഞാലുണ്ടാകുന്ന നാണക്കേടും കുറ്റപ്പെടുത്തലുകളെയും താന്‍ ഭയപ്പെട്ടു. ശക്തയാണെന്ന തോന്നലുണ്ടായിരുന്നിട്ടും ഞാന്‍ അശക്തയാണെന്ന് അന്നത്തോടെ മനസിലായെന്നും മാർത്ത പറഞ്ഞു.

സൈന്യത്തില്‍ പീഡനങ്ങള്‍ നടക്കുന്നുണ്ട്. പലതും മറച്ചുവയ്‌ക്കപ്പെടുകയാണ് ചെയ്യുന്നത്. നേരിട്ട അനുഭവങ്ങള്‍ ഇപ്പോള്‍ പറയണമെന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു വനിതയുടെ നഗ്ന ഫോട്ടോ യുഎസ് മറീനുകൾക്കിടയിൽ പ്രചരിച്ചിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മാര്‍ത്ത വ്യക്തമാക്കി.

മാർത്തയുടെ വെളിപ്പെടുത്തലില്‍ വ്യോമസേന വക്താവ് ക്യാപ്റ്റൻ കാരി വോൾപ് ഖേദം പ്രകടിപ്പിച്ചു. ഇത്തരം സ്വഭാവമുള്ളവരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്നും അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'എനിക്ക് കാരവാനിൽ അല്ല കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം' - മോഹൻലാലിന്റെ അഭിനയം കണ്ട് പഠിച്ച വിജയ് സേതുപതി