Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 ആഴ്ചയ്ക്കുള്ളില്‍ ജനനം, ഭാരം വെറും 258 ഗ്രാം; ലോകത്തിലെ ഏറ്റവും ‘കുഞ്ഞന്‍’ ആണ്‍കുഞ്ഞ് ഈ ആഴ്ച ആശുപത്രി വിടും

World's Smallest Baby Boy
ടോക്കിയോ , വെള്ളി, 19 ഏപ്രില്‍ 2019 (19:28 IST)
ഒരു നവജാത ശിശു. ഒരു വലിയ ആപ്പിളിനോളം മാത്രം ഭാരം. ആ കുഞ്ഞ് ഇപ്പോള്‍ പുറം‌ലോകത്തിന്‍റെ കാഴ്ചകളിലേക്ക് വരുകയാണ്. 24 ആഴ്ചകളും അഞ്ച് ദിവസവും മാത്രം വളര്‍ച്ചയുള്ളപ്പോള്‍ എമര്‍ജന്‍സി സിസേറിയനിലൂടെയാണ് റൂസുകെ സെകിനോ എന്ന ‘കുഞ്ഞന്‍’ കുഞ്ഞിനെ ഡോക്‍ടര്‍മാര്‍ പുറത്തെടുത്തത്.
 
അസൂമിനോയിലുള്ള നഗാനോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ ആണ്‍കുഞ്ഞ് ജനിച്ചത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നപ്പോഴാണ് കുഞ്ഞിന്‍റെ അമ്മയായ തോഷികോയെ സിസേറിയന് വിധേയയാക്കാന്‍ ഡോക്‍ടര്‍മാര്‍ തീരുമാനിച്ചത്. 
 
വെറും 258 ഗ്രാം മാത്രമായിരുന്നു ജനിക്കുമ്പോള്‍ ഈ ആണ്‍കുഞ്ഞിന്‍റെ ഭാരം. ഇക്കാര്യത്തില്‍ ലോകറെക്കോര്‍ഡാണ് ഇത്. കഴിഞ്ഞ വര്‍ഷം ടോക്കിയോയില്‍ ജനിക്കുമ്പോള്‍ 268 ഗ്രാം ഭാരമുണ്ടായിരുന്ന മറ്റൊരു ജാപ്പനീസ് ആ‍ണ്‍കുഞ്ഞിന്‍റെ റെക്കോര്‍ഡാണ് റൂസുകെ സെകിനോ ‘തകര്‍ത്തത്’. 
 
കഴിഞ്ഞ വര്‍ഷം ഒക്‍ടോബര്‍ ഒന്നിനാണ് റൂസുകെ ജനിച്ചത്. വെറും 22 സെന്‍റിമീറ്റര്‍ മാത്രമായിരുന്നു അപ്പോള്‍ കുഞ്ഞിന്‍റെ നീളം. അതിന് ശേഷം കുഞ്ഞിനെ ഇതുവരെ കുട്ടികളുടെ ഐ സി യുവില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ട്യൂബിലൂടെയായിരുന്നു കുഞ്ഞിന് ആഹാരം നല്‍കിയിരുന്നത്. അമ്മയുടെ മുലപ്പാല്‍ പഞ്ഞിയില്‍ മുക്കി നാവില്‍ തൊട്ടുകൊടുക്കാറുണ്ടായിരുന്നു.
 
ഇപ്പോള്‍ ഏകദേശം ഏഴ് മാസത്തിന് ശേഷം, ഭാരം മൂന്ന് കിലോയിലധികം എത്തിയപ്പോഴാണ് കുഞ്ഞ് ആശുപത്രി വിടാനൊരുങ്ങുന്നത്. ഈ വാരാന്ത്യം കുഞ്ഞ് പുറംലോകക്കാഴ്ചകളിലേക്ക് ജീവിതം ആരംഭിക്കും. 
 
“അവന്‍ ജനിച്ചപ്പോള്‍ തീരെ ചെറുതായിരുന്നു. തൊട്ടാല്‍ മുറിഞ്ഞുപോകുമോ എന്നുപോലും ഭയന്നു. ഞാന്‍ ഒരുപാട് വിഷമിച്ചു. ഇപ്പോള്‍ അവന്‍ മുലപ്പാല്‍ കുടിക്കും. അവനെ കുളിപ്പിക്കാന്‍ കഴിയും. അവന്‍റെ ഈ വളര്‍ച്ചയില്‍ എനിക്ക് വലിയ സന്തോഷമുണ്ട്” - മാതാവ് തോഷികോ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനയാത്ര സുരക്ഷിതമാക്കാൻ എഞ്ചിനിൽ കാണിക്കയിട്ട് 66കാരിയുടെ പ്രാർത്ഥന, പിന്നീട് നടന്ന കോലാഹലങ്ങൾ ഇങ്ങനെ !