മനുഷ്യനെ സമൂഹജീവിയായി വളര്‍ത്തുന്നതില്‍ ഏറ്റവുമധികം പങ്ക് അവന്‍റെ അദ്ധ്യാപകര്‍ക്കാണ്. ഒക്ടോബര്‍ അഞ്ചിനാണ് യുനെസ്കൊ ഔദ്യോഗികമായി അദ്ധ്യാപക ദിനം ആചരിക്കുന്നത്. പുതുതലമുറയെ അദ്ധ്യാപനത്തിന്‍റെ മഹത്വം അറിയിക്കാനായാണ് ഇങ്ങനെ ഒരു ദിനം യുനെസ്കോ ആചരിക്കുന്നത്. 1994ലാണ് യുനെസ്കൊ ഒക്ടോബര്‍ അഞ്ച് അദ്ധ്യാപക ദിനമായി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസത്തിനും അതിലൂടെയുള്ള സമൂഹ്യപുരോഗതിക്കും അദ്ധ്യാപകര്‍ നല്‍കുന്ന സംഭാവനയെ മനസിലാക്കാനും അതിനെ അംഗീകരിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്താം. അദ്ധ്യാപകരുടെ അവകാശങ്ങളെ സംരക്ഷിക്കാനുള്ള അവസരം കൂടിയാണിത്.
അദ്ധ്യാപക ദിനത്തിന് ഇത്രയധികം പ്രാധാന്യം കിട്ടുന്നതില്‍ എഡ്യൂക്കേഷന്‍ ഇന്‍റര്‍നാഷണല്‍ എന്ന സംഘടന വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഈ സംഘടന അദ്ധ്യാപനത്തിന്‍റെ പ്രാധാന്യവും മഹത്വവും പ്രചരിപ്പിക്കുന്നതിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
യുനെസ്കൊ ഒക്ടോബര്‍ അഞ്ചിനാണ് അദ്ധ്യാപക ദിനം ആചരിക്കുന്നതെങ്കിലും മിക്ക രാജ്യങ്ങളിലും അദ്ധ്യാപക ദിനം വ്യത്യസ്ത ദിനങ്ങളിലാണ്. ഓരോ രാജ്യത്തിന്‍റേയും ചരിത്രപരമായ കാരണങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് കിടക്കുന്നതു കാണം.
ഭാരതത്തിന്‍റെ രണ്ടാമത്തെ പ്രസിഡന്‍റും മികച്ച അദ്ധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമായ സെപ്തംബര്‍ 5നാണ് ഇന്ത്യയില്‍ അദ്ധ്യാപക ദിനം ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് പ്രവൃത്തി ദിനം തന്നെയാണ്. അന്നേ ദിവസം വിദ്യാലയങ്ങളില്‍ നടത്തുന്ന പ്രത്യേക പരിപാടികള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന് ശക്തി പകരുന്നു. ‘മാതാ പിതാ ഗുരു ദൈവം’ എന്ന ഭാരതീയ വാക്യം തന്നെ ഭാരതത്തില്‍ ഗുരുനാഥന്‍മാര്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നു എന്നതിന് തെളിവാണ്.