ചീത്തവിളിയില്‍ നിന്നും ധോണിയെ രക്ഷിച്ചത് ബ്രാവോ, സഹായിച്ചത് വിനയ്‌കുമാര്‍ - അവസാന ഓവര്‍ ഒരു തിരിച്ചറിവാണ്
ചീത്തവിളിയില്‍ നിന്നും ധോണിയെ രക്ഷിച്ചത് ബ്രാവോ, സഹായിച്ചത് വിനയ്‌കുമാര്‍ - അവസാന ഓവര്‍ ഒരു തിരിച്ചറിവാണ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിക്കാന്‍ ചൈന്നെ സൂപ്പര്‍ കിംഗ്‌സിനെ സഹായിച്ചത് കൂട്ടായ പരിശ്രമമാണ്. 202 റണ്‍സ് പിന്തുടരാനിറങ്ങിയ ചെന്നൈയ്‌ക്കായി ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ നടത്തിയ വെടിക്കെറ്റ് മനോഹരമായിരുന്നു.
അംബാട്ടി റായിഡുവും വാട്‌സണും (19 പന്തില്‍ 42) ചേര്‍ന്ന് 5.5 ഓവറില്‍ 75 റണ്‍സാണ് അടിച്ചു കൂട്ടിയത്. വാട്‌സണ്‍ പുറത്തായ ശേഷം സുരേഷ് റെയ്‌ന ക്രീസില്‍ എത്തിയെങ്കിലും റണ്‍നിരക്ക് കുറയാതിരിക്കാന്‍ റായിഡു (26 പന്തില്‍ 39) പ്രത്യേകം ശ്രമിച്ചു.
ഒമ്പതാം ഓവറില്‍ റായിഡു കൂടാരം കയറിയതോടെ ക്രീസില്‍ എത്തിയത് മഹേന്ദ്ര സിംഗ് ധോണിയാണ്. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ധോണിക്ക് പലപ്പോഴും പിഴച്ചു. സുനില്‍ നരെയ്നും പീയൂഷ് ചൗളയും ചേര്‍ന്ന് ധോണിയെ തളയ്‌ക്കുകയായിരുന്നു. ഇതിനിടെ റെയ്‌നയെ പരിക്ക് പിടികൂടിയത് റണ്‍നിരക്ക് താഴാന്‍ കാരണമായി.
റെയ്‌ന പുറത്തായതോടെ ക്രീസില്‍ എത്തിയ സാം ബില്ലിംഗ്സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് റണ്‍നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഈ സമയവും ധോണിയുടെ ബാറ്റ് നിശ്ചലമായിരുന്നു. ക്യാപ്‌റ്റന്റെ മെല്ലപ്പോക്ക് ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കിയെന്നു തോന്നിപ്പിച്ചപ്പോഴാണ് ബില്ലിംഗ്‌സ് ചെപ്പോക്കില്‍ കത്തിക്കയറിയത്.
നിര്‍ണായക ഘട്ടത്തില്‍ പിയൂഷ് ചൗളയുടെ പന്തില്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് നല്‍കി ധോണി മടങ്ങുമ്പോള്‍ ആരാധകര്‍ കടുത്ത നിരാശയിലായി. 28 പന്തില്‍ ഒരു സിക്സറും ഒരു ബൗണ്ടറിയും അടക്കം 25റണ്‍സ് മാത്രമാണ് നിര്‍ണായക വേളയില്‍ അദ്ദേഹം കണ്ടത്തിയത്. ഇതിനിടെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് ബില്ലിംഗ്‌സ് പുറത്താകുകയും ചെയ്‌തു.
അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സായിരുന്നു ചെന്നൈയ്‌ക്ക് വേണ്ടിയിരുന്നത്. കണക്കു കൂട്ടലുകള്‍ തെറ്റിച്ച് വിനയ്‌കുമാറിനെ നിര്‍ണായക ഓവര്‍ എറിയാന്‍ കാര്‍ത്തിക് ക്ഷണിച്ചു. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബ്രാവോ ആയിരുന്നു ക്രീസില്‍. ഒപ്പം രവീന്ദ്ര ജഡേജയും.
ആദ്യ പന്ത് നോബോള്‍ എറിഞ്ഞ വിനയ്‌കുമാറിനെ ബ്രാവോ സിക്‍സറിന് പറത്തി. എക്‍സ്‌ട്രാ റണ്ണിനൊപ്പം ഒരു പന്ത് കൂടി അധികമായി ലഭിച്ചതോടെ ചെന്നൈ കളിയിലേക്ക് തിരിച്ചെത്തി. ഓവറിലെ അഞ്ചാം പന്ത് കൂറ്റന്‍ സിക്‍സറിന് പറത്തി ജഡേജയാണ് ധോണിപ്പടയ്‌ക്ക് വിജയം സമ്മാനിച്ചത്.
വിനയ് കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നോബോള്‍ ആയിരുന്നില്ലെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നു. ബ്രാവോയ്‌ക്ക് അനായാസ ഷോട്ട് കളിക്കാവുന്ന രീതിയിലായിരുന്നു ഈ പന്ത്. മികച്ച രീതിയില്‍ വിനയ്‌കുമാര്‍ ബോള്‍ ചെയ്‌തിരുന്നുവെങ്കില്‍ ചെന്നൈയ്‌ക്ക് തോല്‍വി ഉറപ്പായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ധോണിയുടെ ചുമലില്‍ ആകുമായിരുന്നു.
മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇഴഞ്ഞു നീങ്ങിയ ധോണി ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. ഒരു സിക്‍സും ഒരു ഫോറും മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ വിമര്‍ശകരില്‍ നിന്നും ധോണിയെ രക്ഷിച്ചത് വിനയ്‌കുമാറും ബ്രാവോയുമാണെന്നതില്‍ സംശയമില്ല.