ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ അയവ് വന്നതോടെയാണ് ബിസിസിഐ തീരുമാനം. മത്സരങ്ങള്‍ ഉടനെ പുനരാരംഭിക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചു. കളിക്കാര്‍ ചൊവ്വാഴ്ചക്കകം ടീമിനൊപ്പം ചേരണമെന്നും നിര്‍ദേശിച്ചു.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ധരംശാലയിലെ പഞ്ചാബ് കിംഗ്‌സിന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്നാണ് സൂചന. മുന്‍ നിശ്ചയപ്രകാരം 25ന് തന്നെ മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. ഇതിനായി ഒരു ദിവസം 2 മത്സരങ്ങളെന്ന രീതിയില്‍ നടപ്പിലാക്കുമെന്നാണ് സൂചന. പുതിയ മത്സരക്രമം ഉടനെ പുറത്തുവിടുമെന്ന് ബിസിസിഐ അറിയിച്ചു. 15നോ 16നോ ആയി മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചതോടെ നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളോട് മടങ്ങിയെത്താന്‍ ടീമുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 10 ടീമുകളിലായി അറുപതോളം വിദേശതാരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഇതുവരെ 57 മത്സരങ്ങള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉപേക്ഷിച്ച പഞ്ചാബ്- ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഒരാഴ്ചയ്ക്ക് നിര്‍ത്തിവെയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അടക്കം ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ബാംഗ്ലൂര്‍ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനും ബിസിസിഐ ആലോചിച്ചിരുന്നു.