ഐപിഎല്‍ മിനിതാരലേലത്തിന് മുന്‍പായി സഞ്ജു സാംസണെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജു രാജസ്ഥാനില്‍ തുടരില്ലെന്ന വാര്‍ത്തകള്‍ വന്നതോടെ തന്നെ സഞ്ജു ചെന്നൈയിലേക്കെന്ന തരത്തില്‍ വന്നിരുന്നെങ്കിലും തുടക്കത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം ചെന്നൈ പിന്മാറിയിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് സഞ്ജുവിനായി സജീവമായി രംഗത്തുണ്ടായിരുന്നത്.
മിനി താരലേലത്തിനോട് അടുക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിനായി ചെന്നൈ വീണ്ടും കരുക്കള്‍ നീക്കുന്നത്. അടുത്ത സീസണിലേക്കുള്ള ടീം ഒരുക്കുന്നതിനായി ഈ മാസം നവംബര്‍ 10,11 തീയതികളില്‍ ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്ക്വാദ്, എം എസ് ധോനി, കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ്, ചെന്നൈ സിഇഒ കാശി വിശ്വനാഥ് എന്നിവര്‍ യോഗം ചേരുമെന്നാണ് വിവരം. അതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വ്യക്തമാകും.
സഞ്ജുവിന് പകരമായി ഒരു പ്രമുഖ ചെന്നൈ താരത്തെ രാജസ്ഥാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഈ താരത്തെ ചെന്നൈ നല്‍കുമോ അതോ ഒന്നിലധികം താരങ്ങളെ സഞ്ജുവിന് വേണ്ടി കൈവിടുമോ എന്നതെല്ലാം വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നത്.