Sanju Samson: സഞ്ജു ഡൽഹിയിലേക്ക് തന്നെ, പകരമായി ഇന്ത്യൻ സൂപ്പർ താരത്തെ കൈമാറും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ
സഞ്ജുവിന് പകരം മറ്റൊരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ താരകൈമാറ്റത്തിനായി രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നതായി സൂചന. ഡിസംബറില്‍ നടക്കുന്ന മിനി താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി ഈ മാസം 15 ആണ്. ഈ സാഹചര്യത്തില്‍ ടീം വിടാന്‍ താല്പര്യം അറിയിച്ച സഞ്ജുവിന് പകരം മറ്റൊരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
രാജസ്ഥാനില്‍ നിന്നും സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പല താരങ്ങളെയും വെച്ചുമാറണമെന്ന ആവശ്യം ചെന്നൈയ്ക്ക് സ്വീകാര്യമായിരുന്നില്ല. സഞ്ജുവിനായി കൊല്‍ക്കത്തയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് പിന്നീട് സജീവമായി രംഗത്തിറങ്ങിയത്. കെ എല്‍ രാഹുലിനെ രാജസ്ഥാന് നല്‍കി സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. നേരത്തെ 2016,2017 സീസണുകളില്‍ ഡല്‍ഹിക്കായി സഞ്ജു കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ഐപിഎല്ലില്‍ പരിക്ക് മൂലം പല മത്സരങ്ങളിലും പുറത്തിരുന്ന സഞ്ജുവിന് കാര്യമായ പ്രകടനങ്ങളൊന്നും നടത്താനായിരുന്നില്ല. അതേസമയം 14 കോടി മുടക്കി ടീമിലെത്തിച്ച കെ എല്‍ രാഹുല്‍ 13 മത്സരങ്ങളില്‍ നിന്ന് 539 റണ്‍സുമായി തിളങ്ങിയിരുന്നു. സഞ്ജുവിനെ നിലനിര്‍ത്താനായി 18 കോടി രൂപയാണ് രാജസ്ഥാന്‍ നല്‍കിയത്. ഇതോടെ സഞ്ജുവിനെ സ്വന്തമാക്കണമെങ്കില്‍ ഡല്‍ഹിക്ക് രാഹുലിനൊപ്പം മറ്റൊരു താരത്തെ നല്‍കുകയോ ബാക്കി തുക പണമായി നല്‍കുകയോ ചെയ്യേണ്ടി വരും. കഴിഞ്ഞ സീസണില്‍ അക്‌സര്‍ പട്ടേലിന്റെ കീഴില്‍ ഇറങ്ങിയ ഡല്‍ഹി ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു.