റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കോലി ആരാധകര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിച്ച് ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട. ചിന്നസ്വാമിയില്‍ നടന്ന ഹോം മാച്ചില്‍ ബെംഗളുരുവിനെ പഞ്ചാബ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് പകരമായാണ് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ ആര്‍സിബി വിജയിച്ചത്. ഇതോടെയാണ് പഞ്ചാബ് നായകനെതിരെ കോലി ആരാധകര്‍ രംഗത്തെത്തിയത്.
ബെംഗളുരുവിനെതിരായ ആദ്യമത്സരത്തിലെ വിജയം ആഘോഷിച്ച ശ്രേയസ് അയ്യര്‍ക്ക് മറുപടിയായി രണ്ടാം മത്സരത്തില്‍ കോലി ആഘോഷപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രേയസിനെതിരായ സൈബര്‍ ആക്രമണം. ഞാന്‍ ആളുകളുടെ ഈ പ്രതികരണങ്ങളില്‍ നിരാശയാണ്. നിങ്ങളുടെ പ്രിയതാരത്തെ പിന്തുണയ്ക്കാന്‍ മറ്റ് താരങ്ങളെയും അവരുടെ കുടുംബത്തെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരു ചുമരിന്റെ പിന്നില്‍ ഇരുന്ന് കൊണ്ട് നടത്തുന്ന ഈ അധിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നതല്ലെന്നും തോല്‍വികളും ഈ ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കണമെന്നും ശ്രേഷ്ട തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.