KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ മത്സരശേഷം എതിര്‍ ടീം താരങ്ങള്‍ക്ക് കൈ കൊടുക്കുകയായിരുന്നു
KL Rahul rejects Sanjiv Goenka
KL Rahul and Sanjiv Goenka: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയെയും മകനെയും അവഗണിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കെ.എല്‍.രാഹുല്‍. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് രാഹുല്‍ തന്റെ മുന്‍ ടീം ഉടമ കൂടിയായ ഗോയങ്കയെ കണ്ടത്.
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ മത്സരശേഷം എതിര്‍ ടീം താരങ്ങള്‍ക്ക് കൈ കൊടുക്കുകയായിരുന്നു. ഈ സമയത്താണ് സഞ്ജീവ് ഗോയങ്കയും മകനും രാഹുലിന്റെ അടുത്തെത്തിയത്. ഇരുവര്‍ക്കും രാഹുല്‍ കൈ കൊടുത്തെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.
ഗോയങ്കയും മകനും രാഹുലിനു കൈ കൊടുത്ത ശേഷം സംസാരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഗോയങ്ക രാഹുലിന്റെ കൈയില്‍ പിടിച്ചു നിര്‍ത്താനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് രാഹുല്‍ ധൃതിയില്‍ നടന്നുപോയി. ഗോയങ്കയും മകനും ഈ സമയത്ത് രാഹുലിനെ നോക്കുന്നതും കാണാം.
ഇത്തവണത്തെ മെഗാ താരലേലത്തിനു മുന്നോടിയായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കെ.എല്‍.രാഹുലിനെ റിലീസ് ചെയ്യുകയായിരുന്നു. ലഖ്‌നൗ ക്യാപ്റ്റനായിരുന്ന രാഹുലിനെ നിലനിര്‍ത്താന്‍ ഗോയങ്ക തയ്യാറായില്ല. ലഖ്‌നൗ മാനേജ്‌മെന്റുമായി രാഹുലിനു അതൃപ്തിയുണ്ടായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു മത്സരം തോറ്റ ശേഷം ഗൊയങ്ക രാഹുലിനോടു കുപിതനായി സംസാരിക്കുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു.