ഞായറാഴ്ച വാംഖഡെയില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 9 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതോടെ എം എസ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് പുറത്താകലിന്റെ വക്കില്‍. ആകെ കളിച്ച 8 മത്സരങ്ങളില്‍ നിന്നും വെറും 2 വിജയങ്ങളുള്ള ചെന്നൈ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്.
ഇനി ശേഷിക്കുന്ന 6 മത്സരങ്ങളിലും വിജയിക്കാനായാല്‍ 16 പോയന്റുകളുമായി പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. എന്നാല്‍ അതൊരു വിദൂര സാധ്യത മാത്രമാണ്. റണ്‍ റേറ്റ് വളരെ താഴ്ന്നതാണ് എന്നതിനാല്‍ തന്നെ പല മത്സരങ്ങളിലും വമ്പന്‍ വിജയങ്ങള്‍ നേടിയാല്‍ മാത്രമെ ചെന്നൈയ്ക്ക് പ്ലേ ഓഫ് സ്വപ്നം കാണാന്‍ സാധിക്കുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ ഒരു തോല്‍വി കൂടി സംഭവിച്ചാല്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് അത് അവസാനമായേക്കാം.