ലഖ്‌നൗവിനെതിരായ രാജസ്ഥാന്‍ റോയല്‍സിനുണ്ടായ കഴിഞ്ഞ മത്സരത്തിലെ തോല്‍വി രാജസ്ഥാന്‍ ആരാധകരെയെല്ലാം നിരാശരാക്കുന്ന കാര്യമായിരുന്നു. മത്സരത്തില്‍ ലഖ്‌നൗ ബാറ്റ് ചെയ്യുമ്പോള്‍ അവസാന ഓവര്‍ വരെ മത്സരത്തിന്റെ കടിഞ്ഞാണ് കയ്യില്‍ പിടിച്ച രാജസ്ഥാന്‍ അവസാന ഓവറില്‍ വിട്ടുനല്‍കിയത് 27 റണ്‍സായിരുന്നു. 181 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ അവസാന ഓവറില്‍ 9 റണ്‍സ് മാത്രം വിജയിക്കാന്‍ മതിയായിട്ടും അത് സ്വന്തമാക്കാന്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ ധ്രുവ് ജുറല്‍- ഹെറ്റ്‌മെയര്‍ സഖ്യത്തിന് 9 റണ്‍സ് തന്നെയായിരുന്നു വിജയലക്ഷ്യമായി ഉണ്ടായിരുന്നത്. മത്സരം സമനിലയിലേക്കും സൂപ്പര്‍ ഓവറിലേക്കും നീങ്ങിയപ്പൊള്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇക്കുറിയും ജുറലും ഹെറ്റ്‌മെയറും തന്നെയാണ് ലഖ്‌നൗവിനെതിരെ അവസാന ഓവറില്‍ ബാറ്റ് വീശിയത്.
താരലേലത്തിന് മുന്‍പ് രാജസ്ഥാന്‍ 25 കോടികളോളം രൂപ മുടക്കി നിലനിര്‍ത്തിയ 2 താരങ്ങളും തുടര്‍ച്ചയായ രണ്ടാം മത്സരമാണ് കൈവിട്ടുകളഞ്ഞിരിക്കുന്നത്. മറ്റേതെങ്കിലും ബാറ്റര്‍മാരായിരുന്നെങ്കില്‍ രണ്ടില്‍ ഒരു മത്സരത്തിലെങ്കിലും വിജയിക്കുമെന്നിരിക്കെ അവിശ്വസനീയമായാണ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ പരാജയം സമ്മതിച്ചത്. ടീം തോല്‍ക്കാനായാണ് ഇരുതാരങ്ങളും കളിച്ചതെന്നാണ് മത്സരശേഷം ആരാധകരും പ്രതികരിക്കുന്നത്. ജോസ് ബട്ട്ലറെ പോലൊരു താരത്തെ കളഞ്ഞ് ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍ തുടങ്ങിയവരെ നിലനിര്‍ത്തിയതിന് പിന്നിലുള്ള ലോജിക് തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നും രാജസ്ഥാന്‍ ആരാധകര്‍ പറയുന്നു.