ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശപോരാട്ടത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍. മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്നോട്ട് വെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് അവസാന ഓവറില്‍ 9 റണ്‍സാണ് വിജയിക്കാനായി വേണ്ടിയിരുന്നത്. 6 വിക്കറ്റുകള്‍ കൈവശമുണ്ടായിരുന്നിട്ടും ഈ വിജയലക്ഷ്യം മറികടക്കാന്‍ രാജസ്ഥാനായിരുന്നില്ല. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞത്.
മത്സരത്തിലെ അവസാന ഓവറില്‍ 9 റണ്‍സ് പ്രതിരോധിക്കുക മാത്രമല്ല സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ് രാജസ്ഥാനെ 11 റണ്‍സില്‍ ഒതുക്കാനും സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. 12 റണ്‍സെന്ന വിജയലക്ഷ്യം വെറും 4 പന്തിലാണ് കെ എല്‍ രാഹുലും ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സും മറികടന്നത്. ഇതോടെ മത്സരം വിജയിച്ചതിന്റെ ക്രെഡിറ്റ് സ്റ്റാര്‍ക്കിന് നല്‍കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍.
നമ്മളെല്ലാവരും കണ്ടത് പോലെ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങാണ് കളിയുടെ വിധി തന്നെ മാറ്റിയെഴുതിയത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇരുപതാം ഓവറില്‍ രാജസ്ഥാനില്‍ നിന്നും കളി തട്ടിയെടുത്തത് സ്റ്റാര്‍ക്കാണ്. ഞങ്ങള്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്ക് അതിന് അനുവദിച്ചില്ല. മത്സരശേഷം സഞ്ജു സാംസണ്‍ പറഞ്ഞു.