ഐപിഎല്ലിന്റെ 2023 സീസണിലെ ഏറ്റവും മോശം താരങ്ങളുടെ പട്ടികയിലാണ് ലഖ്‌നൗവിന്റെ ദീപക് ഹൂഡയുടെ സ്ഥാനം. 12 ഇന്നിങ്ങ്‌സുകള്‍ ഈ സീസണില്‍ ലഖ്‌നൗവിനായി കളിച്ച താരം വെറും 84 റണ്‍സാണ് സീസണില്‍ സ്വന്തമാക്കിയത്. ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തിലും ദയനീയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ലഖ്‌നൗവിന്റെ 2 റണ്ണൗട്ടുകള്‍ക്ക് കാരണമായ താരം ഒടുവില്‍ റണ്ണൗട്ടായാണ് മത്സരത്തില്‍ പുറത്തായത്.
ലഖ്‌നൗവിന്റെ ടോപ് സ്‌കോററും മത്സരത്തില്‍ ടീമിന്റെ ഏകപ്രതീക്ഷയുമായ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഹൂഡ ഒരറ്റത്ത് നില്‍ക്കെ ആദ്യം റണ്ണൗട്ടായത്. ഇരു താരങ്ങളും ഓടുന്നതിനിടെ കൂട്ടിയിടിച്ചതായിരുന്നു ഔട്ടാകാന്‍ കാരണമായത്. ഹൂഡ ഓടുന്ന അതേ വശത്ത് കൂടി ഓടിയ സ്‌റ്റോയ്‌നിസിന്റെ ഭാഗത്തായിരുന്നു ഇക്കുറി തെറ്റ്. പിന്നാലെ ഇല്ലാത്തെ റണ്ണിന് ഓടി കൃഷ്ണപ്പ ഗൗതമും റണ്ണൗട്ടായി. പിന്നാലെ ഹൂഡയും റണ്ണൗട്ടായി തന്നെയാണ് പുറത്തായത്.
ആദ്യ 2 റണ്ണൗട്ടിലും ഹൂഡയുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ഹൂഡയുമായുള്ള ആശയക്കുഴപ്പം റണ്ണൗട്ടിന് കാരണമായതായി വിമര്‍ശകര്‍ പറയുന്നു. ഒടുവില്‍ നവീന്‍ ഉള്‍ ഹഖുമായുള്ള ധാരണപിശകില്‍ താരം സ്വയം റണ്ണൗട്ടാവുകയും ചെയ്തു. ഓവറില്‍ 10 റണ്‍സിലേറെ വേണമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ ദീപക് ഹൂഡ 13 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ഒരു സീസണില്‍ ടോപ് സിക്‌സ് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് നേടുന്ന താരമെന്ന നാണക്കേടും ഇന്നലെ ഹൂഡ സ്വന്തമാക്കി. 2021ല്‍ നിക്കോളാസ് പൂറാന്‍ സീസണില്‍ 85 റണ്‍സടിച്ചതിന്റെ റെക്കോര്‍ഡാണ് താരം തകര്‍ത്തത്.