ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരം വൈഭവ് സൂര്യവംശി എന്ന താരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ച മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 210 എന്ന കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ വെച്ച ഗുജറാത്തിനെതിരെ ആദ്യപന്ത് മുതല്‍ തന്നെ അക്രമണം അഴിച്ചുവിടുകയാണ് രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ ചെയ്തത്. ആദ്യത്തെ ചില മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും പിന്നീട് താളം വീണ്ടെടുത്ത ഓപ്പണര്‍ ജയ്‌സ്വാളിനൊപ്പം ഇറങ്ങിയ വൈഭവ് പെട്ടെന്ന് തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
പവര്‍പ്ലേയില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും തല്ലിയിട്ടും മതിയാകാതെ വന്ന വൈഭവ് പവര്‍ പ്ലേയ്ക്ക് ശേഷവും തന്റെ അക്രമണം തുടര്‍ന്നു. ടീമിനെ സുരക്ഷിതമായ നിലയിലെത്തിച്ച് മടങ്ങിയതിന് പിന്നാലെ 2 നിതീഷ് റാണയും രാജസ്ഥാന്‍ നിരയില്‍ പുറത്തായിരുന്നു. അതേസമയം ഒരറ്റത്ത് ഉറച്ച് നിന്നുകൊണ്ട് യശ്വസി ജയ്‌സ്വാളാണ് മത്സരത്തില്‍ രാജസ്ഥാന്‍ വിജയം ഉറപ്പിച്ചത്. മത്സരശേഷം ഇതിനെ പറ്റി ജയ്‌സ്വാള്‍ പറഞ്ഞത് ഇങ്ങനെ.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി രാജസ്ഥാന് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് ഫിനിഷ് ചെയ്യാനായില്ല. പക്ഷേ ടീമിനായി ഞങ്ങള്‍ എല്ലാം നല്‍കിയിരുന്നു. അതിനാല്‍ തന്നെ ക്രീസിന്റെ ഒരറ്റത്ത് ഒരാള്‍ ഉറച്ച് നില്‍ക്കണമായിരുന്നു. എനിക്ക് തോന്നുന്നത് മധ്യനിരയില്‍ ആരാണോ നില്‍ക്കുന്നത് ആ വ്യക്തി ടീം വിജയിക്കുന്നുവെന്ന് ഉറപ്പാക്കണം. ഭാഗ്യം കൊണ്ട് ഇന്ന് ഞാനുണ്ടായിരുന്നു. ഞാന്‍ എന്റെ ബെസ്റ്റ് നല്‍കി ജയ്‌സ്വാള്‍ പറഞ്ഞു.
ജയ്‌സ്വാളിന്റെ ഈ പ്രതികരണത്തില്‍ ഒരേസമയം അഭിനന്ദനങ്ങളും ട്രോളുകളുമാണ് രാജസ്ഥാന് ലഭിക്കുന്നത്. മുന്‍നിര മികച്ച പ്രകടനങ്ങള്‍ നല്‍കുമ്പോഴും മധ്യനിരയിലെ പ്രശ്‌നങ്ങളായിരുന്നു പല മത്സരങ്ങളിലും രാജസ്ഥാന്‍ തോല്‍വിക്ക് കാരണം. അതിനാല്‍ തന്നെ നിന്നെകൊണ്ടൊന്നും ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് അറിഞ്ഞാണ് ജയ്‌സ്വാള്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ജുറലിനെയും ഹെറ്റ്‌മെയറിനെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആരാധകര്‍ പറയുന്നത്.