ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകനുമായ കെ.എല്‍.രാഹുലിനെതിരെ സോഷ്യല്‍ മീഡിയ. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ തോറ്റതിനു പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും. മോശം ക്യാപ്റ്റന്‍സിയാണ് മത്സരം തോല്‍ക്കാന്‍ കാരണമെന്ന് ലഖ്‌നൗ ആരാധകര്‍ തുറന്നടിച്ചു.
ഡെത്ത് ഓവറുകള്‍ സ്പിന്നര്‍മാര്‍ക്ക് നല്‍കിയുള്ള രാഹുലിന്റെ മണ്ടന്‍ തീരുമാനമാണ് ലഖ്‌നൗവിനെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. സ്പിന്നിനെ നന്നായി കളിക്കുന്ന രാഹുല്‍ തെവാത്തിയ ബാറ്റ് ചെയ്യുമ്പോള്‍ പേസര്‍മാര്‍ക്ക് ബോള്‍ നല്‍കി മത്സരം കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് രാഹുല്‍ ശ്രമിക്കേണ്ടിയിരുന്നതെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു. അഞ്ച് ഓവര്‍ മത്സരം ശേഷിക്കെ പേസ് ബൗളര്‍മാരായ മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര ആവേശ് ഖാന്‍ എന്നിവരുടേതായി നാല് ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും സ്പിന്നറെ നേരത്തെ കൊണ്ടുവന്ന് പരീക്ഷണം നടത്തുകയാണ് രാഹുല്‍ ചെയ്തതെന്നാണ് മറ്റ് ചില വിമര്‍ശനങ്ങള്‍.
രാഹുലിനെതിരായ ട്വീറ്റുകള്‍ ഇങ്ങനെ:
'രാഹുല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു'
'ആവേശ് ഖാനേയും ചമീരയേയും കുറച്ച് നേരത്തെ ഉപയോഗിക്കേണ്ടിയിരുന്നു. ഇത് ആരുടെ ഐഡിയയാണ്? ഇന്ത്യയുടെ ഭാവി നായകനെ ആലോചിക്കുമ്പോള്‍ ആ ചര്‍ച്ചകളുടെ പരിസരത്ത് പോലും രാഹുലിന്റെ പേര് വരരുത്'
'രാഹുല്‍ ഗുജറാത്തിനെ ജയിപ്പിച്ചു'
'കെ.എല്‍.രാഹുല്‍ ഭായ്, ദയവ് ചെയ്ത് ക്യാപ്റ്റന്‍സി ഉപേക്ഷിക്കൂ. ഇത് നിങ്ങള്‍ക്ക് ചേരില്ല'
'ബാറ്റിങ്ങിലും ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ മെനയുന്നതിലും രാഹുല്‍ പൂര്‍ണമായി പരാജയപ്പെട്ടു'