Fight between abhishek sharma and digvesh rathi
ഐപിഎല്ലില്‍ ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരത്തിനിടെ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ അഭിഷേക് ശര്‍മയും ലഖ്‌നൗ താരമായ ദിഗ്വേഷ് റാത്തിയും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ 206 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. 38 പന്തില്‍ 65 റണ്‍സുമായി മിച്ചല്‍ മാര്‍ഷും 38 പന്തില്‍ 61 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവുമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്. റിഷഭ് പന്ത്(7) വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ 26 പന്തില്‍ 45 റണ്‍സുമായി നിക്കോളാസ് പുറാനും ലഖ്‌നൗ നിരയില്‍ തിളങ്ങി.
പിന്നാലെ ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിലെ ഓപ്പണര്‍ അഥര്‍വ തൈഡേയുടെ വിക്കറ്റ് നഷ്ടമായി. പിന്നാലെ എത്തിയ ഇഷാന്‍ കിഷന്‍- അഭിഷേക് സഖ്യം ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് അഭിഷേക് ശര്‍മ പുറത്താകുന്നത്. 20 പന്തില്‍ 4 ഫോറും 6 സിക്‌സും സഹിതം 59 റണ്‍സാണ് അഭിഷേക് നേടിയിരുന്നത്. ദിഗ്വേഷിന്റെ പന്തില്‍ ഷാര്‍ദൂലിന് ക്യാച്ച് നല്‍കി താരം മടങ്ങുന്നതിനിടെ ദിഗ്വേഷ് നടത്തിയ ആഘോഷപ്രകടനം അതിരുകടന്നതോടെയാണ് അഭിഷേക് ദിഗ്വേഷിനെതിരെ നടന്നടുത്തത്. തന്റെ സ്ഥിരം നോട്ട്ബുക്ക് സെലിബ്രേഷന്‍ ചെയ്ത ദിഗ്വേഷ് അഭിഷേകിനോട് പവലിയനിലേക്ക് പോകാന്‍ ആംഗ്യം കാണിച്ചു. ഇതാണ് അഭിഷേകിനെ ചൊടുപ്പിച്ചു. ഇരുവരും ചൂടേറിയ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അമ്പയര്‍മാരും സഹതാരങ്ങളും എത്തിയാണ് രംഗം ശാന്തമാക്കിയത്. പവലിയനിലേക്ക് പോകുന്ന വഴി നിന്റെ നീണ്ട മുടിക്ക് പിടിച്ച് നിന്നെ അടിക്കുമെന്ന തരത്തില്‍ അഭിഷേക് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
അഭിഷേക് ശര്‍മയും പിന്നാലെ ഇഷാന്‍ കിഷനും മടങ്ങിയെങ്കിലും ഹെന്റിച്ച് ക്ലാസനും കാമിന്ദു മെന്‍ഡിസും ചേര്‍ന്ന സഖ്യം മത്സരത്തില്‍ ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. ഹൈദരാബാദിനെതിരെ പരാജയപ്പെട്ടതോടെ ലഖ്‌നൗ പ്ലേ ഓഫ് കാണാതെ പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.