Publish Date: Sun, 24 Mar 2024 (09:53 IST)
Updated Date: Sun, 24 Mar 2024 (09:56 IST)
ഐപിഎല്‍ 2024ലെ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ ഹീറോയായത് ഹര്‍ഷിത് റാണ എന്ന യുവപേസറായിരുന്നു. മുഴുവന്‍ ഫ്‌ളോയില്‍ തകര്‍ത്താടുന്ന ഹെന്റിച്ച് ക്ലാസന്‍ ഒരറ്റത്തുണ്ടായിട്ടും മറികടക്കാവുന്ന വിജയലക്ഷ്യത്തിലെത്താതെ ഹൈദരാബാദിനെ തടഞ്ഞുനിര്‍ത്തിയത് ഹര്‍ഷിത് റാണയുടെ അവസാന ഓവറായിരുന്നു. ആദ്യ പന്തില്‍ സിക്‌സ് വഴങ്ങിയതിന് ശേഷമായിരുന്നു ഹര്‍ഷിത് റാണ തിരിച്ചുവന്നത്. ഹെന്റിച്ച് ക്ലാസന്‍,ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകളും താരം സ്വന്തമാക്കി.
എന്നാല്‍ ഓരോ വിക്കറ്റിലും മതിമറന്നുള്ള ആഘോഷമാണ് ഹര്‍ഷിത് റാണ നടത്തിയത്. ഹൈദരാബാദ് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് ശേഷം താരം നടത്തിയ ആഘോഷപ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ ഇത്രയെ ഉള്ളു എന്ന രീതിയില്‍ മായങ്കിനെതിരെ റാണ നടത്തിയ ആഘോഷം വലിയ വിഭാഗം ആരാധകരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഐപിഎല്ലിനും റാണയുടെ അതിരുകടന്ന ആഹ്‌ളാദപ്രകടനത്തില്‍ അതൃപ്തിയുണ്ട്. ഇതിനെ തുടര്‍ന്ന് ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതായി കാണിച്ച് മാച്ച് ഫീസിന്റെ 60 ശതമാനമാണ് ഹര്‍ഷിത് റാണയ്‌ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തില്‍ 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.