2023 ഐപിഎല്‍ ഫൈനലില്‍ മഴ വില്ലനാകുന്നു. മഴ കാരണം മത്സരത്തിന് മുന്നോടിയായുള്ള ടോസ് വൈകുകയാണ്. കളി 9:35ഓടെ ആരംഭിക്കാനാവുമെങ്കില്‍ 20 ഓവര്‍ മത്സരവും അതിന് ശേഷം ആരംഭിക്കാനാവുമെങ്കില്‍ ഓവറുകള്‍ വെട്ടിക്കുറച്ചുകൊണ്ടും മത്സരം നടക്കും. ഇന്ന് മഴ കളി അപഹരിക്കുകയാണെങ്കില്‍ റിസര്‍വ് ദിനമായ നാളെയായിരിക്കും മത്സരം നടക്കുക.
അഞ്ചാം കിരീടനേട്ടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇന്ന് കളിക്കാനിറങ്ങുന്നതെങ്കില്‍ കിരീടം നിലനിര്‍ത്തുക എന്നതാണ് ഹാര്‍ദ്ദിക്കിന്റെ ഗുജറാത്ത് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ചെന്നൈക്കെതിരെ ആധിപത്യം പുലര്‍ത്താനായെങ്കിലും പ്ലേ ഓഫ് ഘട്ടത്തില്‍ ചെന്നൈ ഗുജറാത്തിനെ പരാജയപ്പെടുത്തിയിരുന്നു. 1,30,000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന സ്‌റ്റേഡിയത്തിലെ എല്ലാ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സംഘാടകര്‍ പറയുന്നു. അസാമാന്യമായ ഫോമില്‍ ബാറ്റ് ചെയ്യുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍ ആദ്യമൂന്ന് സ്ഥാനത്തുള്ള മുഹമ്മദ് ഷമി,റാഷദ് ഖാന്‍,മോഹിത് ശര്‍മ എന്നിവരുടെ പ്രകടനങ്ങള്‍ മത്സരത്തില്‍ നിര്‍ണായകമാകും. അതേസമയം റുതുരാജ് ഗെയ്ക്ക്വാദ്,ഡിവോണ്‍ കോണ്‍വെ, ശിവം ദുബെ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് ചെന്നൈയുടെ കരുത്ത്.