IPL 2025, Play Offs: ശേഷിക്കുന്നത് ഏഴ് ലീഗ് മത്സരങ്ങള്‍; പ്ലേ ഓഫ് കളിക്കേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനമായി
നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിനു തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമായി
IPL 2025, Play Offs: ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കെ ഐപിഎല്‍ പ്ലേ ഓഫ് കളിക്കേണ്ട നാല് ടീമുകളുടെ കാര്യത്തില്‍ തീരുമാനമായി. ലീഗിലെ അവസാന മത്സരം വരെ പ്ലേ ഓഫ് സസ്‌പെന്‍സുകള്‍ കാത്തുവെച്ചിരുന്ന മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ഐപിഎല്‍.
നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിനു തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ കയറുന്ന നാലാമത്തെ ടീമായി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 18.2 ഓവറില്‍ 121 നു ഓള്‍ഔട്ട് ആയി. മുംബൈ താരം സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം.
ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ച മറ്റു ടീമുകള്‍. 12 കളികളില്‍ ഒന്‍പത് ജയത്തോടെ 18 പോയിന്റുള്ള ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ നിന്ന് 17 പോയിന്റുമായി ആര്‍സിബി രണ്ടാം സ്ഥാനത്തും പഞ്ചാബ് മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് ടീമുകള്‍ക്കും രണ്ട് മത്സരങ്ങള്‍ വീതം ശേഷിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനു ഒരു മത്സരമാണ് ശേഷിക്കുന്നത്. ആദ്യ രണ്ട് സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടി നാല് ടീമുകളും തമ്മില്‍ ശക്തമായ പോരാട്ടമായിരിക്കും വരും ദിവസങ്ങളില്‍ നടക്കുക.