ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെയ് 23ന് നടക്കേണ്ടിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) മത്സരം ബെംഗളൂരുവില്‍ നിന്ന് ലഖ്‌നൗയിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റി. തെക്കെ ഇന്ത്യയില്‍ മഴ കനത്തതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബെംഗളുരു- കൊല്‍ക്കത്ത പോരാട്ടവും മഴ കാരണം റദ്ദാക്കിയിരുന്നു. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു പന്ത് പോലും എറിയാനാകാതെയാണ് മത്സരം ഒഴിവാക്കിയത്.
നിലവില്‍ കനത്ത മഴയാണ് ബെംഗളുരുവില്‍ പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പല ഐടി കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നഗരം മുങ്ങി കിടക്കുന്ന അവസ്ഥയാണ്. മെയ് 22ന് ബെംഗളുരുവില്‍ മഴ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ പരിശീലനത്തിന് പോലും ഇറങ്ങാനാവാത്ത നിലയിലാണ് ആര്‍സിബി താരങ്ങള്‍. ഇതോടെയാണ് 23ന് നടക്കേണ്ടിയിരുന്ന മത്സരം ലഖ്‌നൗവിലേക്ക് മാറ്റിയത്. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ കളിച്ച ഹൈദരാബാദ് ടീം നിലവില്‍ ലഖ്‌നൗവിലാണ്. ഹൈദരാബാദ് ടീമിനോട് അവിടെ തുടരാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ആര്‍സിനിയുടെ 27ന് നടക്കേണ്ട ലീഗ് മത്സരവും ലഖ്‌നൗവില്‍ തന്നെയാകും നടക്കുക. ഈ മത്സരങ്ങള്‍ക്കായി പരിശീലിക്കാനുള്ള സമയവും ഇതോടെ ആര്‍സിബി ടീമിന് ലഭിക്കും