ഐപിഎല്ലില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറിലാണ് രാജസ്ഥാന്‍ റോയല്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. നിശ്ചിത ഓവറില്‍ ഇരുടീമുകളും 188 റണ്‍സിന് പുറത്തായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. മത്സരത്തില്‍ അര്‍ധസെഞ്ചുറികളോടെ നിതീഷ് റാണയും യശ്വസി ജയ്‌സ്വാളും തിളങ്ങിയിരുന്നുവെങ്കിലും സൂപ്പര്‍ ഓവറില്‍ രാജസ്ഥാനായി ബാറ്റ് ചെയ്യാനെത്തിയത് ഷിമ്രോണ്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗുമായിരുന്നു. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് ഈ നീക്കത്തിനെതിരെ ഉയരുന്നത്.
ഇപ്പോഴിതാ സൂപ്പര്‍ ഓവറില്‍ രാജസ്ഥാനായി ജയ്‌സ്വാളിനെ കളത്തിലിറക്കാത്തത് വലിയ അബദ്ധമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ താരമായ ചേതേശ്വര്‍ പുജാര. സൂപ്പര്‍ ഓവറില്‍ ജയ്‌സ്വാളിനൊപ്പം നിതീഷ് റാണ വേണമായിരുന്നു രാജസ്ഥാനായി ബാറ്റ് ചെയ്യാന്‍. ജയ്‌സ്വാള്‍ തുടക്കത്തില്‍ തന്നെ ക്രീസിലുണ്ടെങ്കില്‍ അത് മിച്ചല്‍ സ്റ്റാര്‍ക്കിന് സമ്മര്‍ദ്ദം സൃഷ്ടിക്കുമായിരുന്നു. സ്റ്റാര്‍ക്കിനെതിരെ മികച്ച റെക്കോര്‍ഡാണ് ജയ്‌സ്വാളിനുള്ളത്. ജയ്‌സ്വാള്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ അത് രാജസ്ഥാന് മാനസികമായ മുന്‍തൂക്കം നല്‍കുമായിരുന്നു. പുജാര പറഞ്ഞു.
അതേസമയം പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. സഞ്ജുവിന് പരിക്കേറ്റത് കാരണം കളിക്കാനാവില്ല എന്ന് മനസിലാക്കുന്നു. എന്നാല്‍ മത്സരത്തില്‍ മികച്ച ടച്ചില്‍ കളിച്ച 2 താരങ്ങളെ എങ്ങനെ ഒഴിവാക്കിയെന്ന് മനസിലാകുന്നില്ലെന്നും അവസാന ഓവറില്‍ പരാജയപ്പെട്ട ഹെറ്റ്‌മെയറെ തന്നെ പിന്നെയും ബാറ്റിംഗിനയച്ച ലോജിക്ക് എന്താണെന്നുമാണ് ആരാധകര്‍ ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍.