MS Dhoni: നിര്‍ത്താന്‍ ടൈം ആയി; ധോണിയോടു സംസാരിച്ച് ചെന്നൈ മാനേജ്‌മെന്റ്, പുതിയ വിക്കറ്റ് കീപ്പര്‍
ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്തവണത്തേതെന്ന് ചെന്നൈ മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി
MS Dhoni: മഹേന്ദ്രസിങ് ധോണിയുടെ ഐപിഎല്‍ ഭാവിയില്‍ ഗൗരവ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപ്. അടുത്ത സീസണില്‍ ധോണി കളിക്കില്ലെന്ന് ഉറപ്പായതോടെ പകരം ആരെ വേണമെന്ന ചര്‍ച്ചകള്‍ ചെന്നൈ മാനേജ്‌മെന്റില്‍ തകൃതിയായി നടക്കുന്നു.
ധോണിയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്തവണത്തേതെന്ന് ചെന്നൈ മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ നിന്ന് വിരമിക്കാന്‍ ധോണി തീരുമാനിച്ചു. ചെന്നൈ മാനേജ്‌മെന്റുമായി താരം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം കളി നിര്‍ത്തിയാലും ഐപിഎല്ലില്‍ ചെന്നൈ മാനേജ്‌മെന്റുമായുള്ള അടുപ്പം താരം തുടരും. സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ വേഷത്തിലായിരിക്കും ധോണിയെ അടുത്ത സീസണ്‍ മുതല്‍ ചെന്നൈയില്‍ കാണുക.
താരലേലത്തില്‍ 55 ലക്ഷത്തിനു സ്വന്തമാക്കിയ വംശ് ബേദിയായിരുന്നു ചെന്നൈ ടീമില്‍ ധോണിക്ക് പുറമേയുള്ള വിക്കറ്റ് കീപ്പര്‍. ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും വംശ് ബേദിക്ക് അവസരം ലഭിച്ചില്ല. അതിനിടെ താരത്തിനു പരുക്ക് പറ്റുകയും ചെയ്തു. പരിശീലനത്തിനിടെ ഇടതുകാലിന്റെ ലിഗ്മെന്റിനു പരുക്കേറ്റ ബേദിക്ക് സീസണ്‍ നഷ്ടമായി. ഈ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനു വേണ്ടി കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സ്വന്തമാക്കി. അടുത്ത സീസണില്‍ ധോണി കളിക്കാതെ വന്നാല്‍ ബാക്കപ്പ് ഓപ്ഷന്‍ എന്ന നിലയില്‍ കൂടിയാണ് വിക്കറ്റ് കീപ്പറായ ഉര്‍വില്‍ പട്ടേലിനെ ചെന്നൈ സ്വന്തം ക്യാംപില്‍ എത്തിച്ചിരിക്കുന്നത്.
ഈ സീസണില്‍ ധോണിയുടെ ബാറ്റിങ് വളരെ മോശമായിരുന്നു. 11 കളികള്‍ കഴിയുമ്പോള്‍ 23.29 ശരാശരിയില്‍ 163 റണ്‍സ് മാത്രമാണ് താരം നേടിയിരിക്കുന്നത്. പുറത്താകാതെ നേടിയ 30 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.