ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് രോഹിത് ശര്‍മയ്ക്ക് ഒരു അവസരം കൂടെ നല്‍കാമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ടീമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആദ്യ സീസണില്‍ വൈസ് ക്യാപ്റ്റനാക്കുകയും നായകനായി രോഹിത്തിനെ തുടരാന്‍ അനുവദിക്കുകയുമാണ് മുംബൈ ചെയ്യേണ്ടിയിരുന്നതെന്ന് യുവരാജ് വ്യക്തമാക്കി.
മുംബൈ ടീം അവരുടെ ഭാവി കൂടി കണക്കിലെടുത്തുകൊണ്ടാകാം പുതിയ തീരുമാനമെടുത്തത്. അവരുടെ കാഴ്ചപ്പാടില്‍ അത് ശരിയുമായിരിക്കും. എന്നാലും രോഹിത്തിനെ പോലൊരു നായകന് ആ സ്ഥാനത്ത് ഒരു അവസരം കൂടി നല്‍കുന്നതില്‍ തെറ്റില്ലായിരുന്നു. ഹാര്‍ദ്ദിക് ഗുജറാത്തിനെ നയിച്ചത് പോലെ എളുപ്പമാവില്ല മുംബൈ നായകനായി ഇരിക്കുന്നത്. അഞ്ച് വര്‍ഷം ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് മുകളില്‍ അത്രമേല്‍ ആരാധക പ്രതീക്ഷയുണ്ട്. അതിനാല്‍ തന്നെ ആദ്യ സീസണില്‍ ഹാര്‍ദ്ദിക് രോഹിത്തിന് കീഴില്‍ കളിക്കുകയായിരുന്നു ചെയ്യേണ്ടത്. യുവരാജ് പറഞ്ഞു.
അതേസമയം അഞ്ച് തവണ മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെ നായകനാക്കുന്നതില്‍ മുംബൈ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ശേഷം മുംബൈയെ പറ്റി ഹാര്‍ദ്ദിക് നടത്തിയ പരാമര്‍ശങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ രോഹിത്തിനെ പോലൊരു ഇതിഹാസതാരത്തിനെ അര്‍ഹമായ രീതിയിലല്ല ടീം നായകസ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും മുംബൈ ആരാധകര്‍ക്കിടയില്‍ വികാരമുണ്ട്.