ഒരു ടീം എന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമായി മാറിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ആശ്വസിക്കാനുള്ള വക കൂടി സമ്മാനിച്ച മത്സരമായിരുന്നു ഇന്നലെ നടന്ന ലഖ്‌നൗ- രാജസ്ഥാന്‍ പോരാട്ടം. മത്സരത്തിലെ അവസാന ഓവറില്‍ 9 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ പരാജയപ്പെട്ടെങ്കിലും 14കാരനായ വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ പ്രകടനം രാജസ്ഥാന്‍ ക്യാമ്പിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. താരലേലത്തില്‍ ഒരു കോടിക്ക് മുകളില്‍ നല്‍കി വിളിച്ചെടുത്ത 14കാരന്‍ പയ്യന്‍ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് ഐപിഎല്ലിലേക്കുള്ള തന്റെ വരവറിയിച്ചത്.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്തം യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് വൈഭവ് കൈകാര്യം ചെയ്തത്. 20 പന്തില്‍ നിന്നും 34 റണ്‍സ് നേടി പുറത്താകുമ്പോള്‍ എണ്ണം പറഞ്ഞ 3 സിക്‌സറുകള്‍ താരം പറത്തിയിരുന്നു. ടീമിനെ 9 ഓവറില്‍ 85 എന്ന ശക്തമായ നിലയിലെത്തിച്ച ശേഷമായിരുന്നു വൈഭവിന്റെ മടക്കം.ആവേശ് ഖാന്‍, ശാര്‍ദൂല്‍ താക്കൂര്‍, ദിഗ്വേഷ രവി എന്നിവരെയാണ് താരം സിക്‌സറിന് പറത്തിയത്. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ പുറത്താകുമ്പോള്‍ യുവതാരത്തിന്റെ മുഖത്ത് നിരാശ വ്യക്തമായിരുന്നു. പുറത്തായതിന് ശേഷം ഒരു കുട്ടിയെ പോലെ കരഞ്ഞുകൊണ്ടാണ് താരം മടങ്ങിയത്.
എന്നാല്‍ കരയേണ്ടതായി ഒന്നുമില്ലെന്നും അരങ്ങേറ്റത്തില്‍ തന്നെ എന്തുകൊണ്ട് രാജസ്ഥാന്‍ ഒരു കോടിയിലധികം യുവതാരത്തിന്റെ മുകളില്‍ ചെലവാക്കി എന്ന് തെളിയിക്കാന്‍ സാധിച്ചെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. തോല്‍വിയിലും രാജസ്ഥാന് ആകെ പോസിറ്റീവ് പറയാനുള്ളത് വൈഭവിനെ പറ്റി മാത്രമാണെന്നും ഭാവി സൂപ്പര്‍ സ്റ്റാറായി താരം മാറുമെന്നും കമന്റുകളില്‍ ആരാധകര്‍ പറയുന്നു.