Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു പരാതി, പാട്ടീദാറിനെ കുറിച്ചോ?
ആര്‍സിബി മത്സരം കൈവിട്ടെന്ന് ഏകദേശം ഉറപ്പായ സമയത്താണിത്
Dinesh Karthik and Virat Kohli
Virat Kohli: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി ബാറ്റിങ് പരിശീലകനും മെന്ററുമായ ദിനേശ് കാര്‍ത്തിക്കിനോടു അതൃപ്തി പരസ്യമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായകന്‍ രജിത് പാട്ടീദാറിനെതിരെയാണ് കോലി സംസാരിച്ചതെന്നാണ് ആര്‍സിബി ആരാധകരുടെയടക്കം കണ്ടുപിടിത്തം.
ഡല്‍ഹി താരം കെ.എല്‍.രാഹുല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ബൗണ്ടറി ലൈനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി കാര്‍ത്തിക്കിനോടു സംസാരിച്ചത്. ആര്‍സിബി മത്സരം കൈവിട്ടെന്ന് ഏകദേശം ഉറപ്പായ സമയത്താണിത്.
കോലി പിച്ചിലേക്ക് കൈകള്‍ ചൂണ്ടി ഏറെ അസ്വസ്ഥനായാണ് കാര്‍ത്തിക്കിനോടു സംസാരിക്കുന്നത്. കെ.എല്‍.രാഹുലിന്റെ വിക്കറ്റ് എടുക്കാന്‍ സാധിക്കാത്തതാണ് കോലിയെ പ്രകോപിപ്പിച്ചത്. കോലിയും കാര്‍ത്തിക്കും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് കമന്റേറ്റര്‍മാരും പ്രതികരിച്ചു. കോലിക്കു ഗ്രൗണ്ടില്‍വച്ച് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അത് ക്യാപ്റ്റനായ പാട്ടീദാറിനോടാണു സംസാരിക്കേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. കമന്ററി ബോക്‌സിലുണ്ടായിരുന്ന വിരേന്ദര്‍ സേവാഗും ഇതിനെ അനുകൂലിച്ചു.
ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് ആയപ്പോള്‍ ഡല്‍ഹിക്കു മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് 53 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം 93 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ഡല്‍ഹിയെ വിജയത്തിലെത്തിച്ചു.