ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചാണ് ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. വിരാട് കോലിയുടെ ബാറ്റിങ് മികവിലാണ് ബാംഗ്ലൂര്‍ അനായാസ വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. വിരാട് കോലി 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമായി 73 റണ്‍സ് നേടി. ഫാഫ് ഡു പ്ലെസിസ് (38 പന്തില്‍ 44), ഗ്ലെന്‍ മാക്‌സ്വെല്‍ (18 പന്തില്‍ പുറത്താകാതെ 40) എന്നിവരും മികച്ച പ്രകടനം നടത്തി.
നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ബാംഗ്ലൂരിന് തിരിച്ചടിയാകും. മുംബൈക്കെതിരെ ജയിച്ചാല്‍ ഡല്‍ഹി ബാംഗ്ലൂരിനെ പുറത്താക്കി പ്ലേ ഓഫില്‍ കയറും. ഡല്‍ഹി തോറ്റാല്‍ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ.