Sanju Samson: കാര്യങ്ങള്‍ അത്ര സുഖകരമല്ല; സഞ്ജു അടുത്ത മത്സരത്തിലും പുറത്ത്
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിനു പരുക്കേറ്റത്
Sanju Samson: രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ അടുത്ത മത്സരത്തിലും കളിക്കില്ല. പരുക്കിനെ തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ കഴിഞ്ഞ മത്സരം സഞ്ജുവിന് നഷ്ടമായിരുന്നു.
ഏപ്രില്‍ 24 വ്യാഴാഴ്ച ചിന്നസ്വാമിയില്‍ വെച്ച് നടക്കേണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരം കൂടി സഞ്ജുവിന് നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരുക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാന്‍ രാജസ്ഥാന്‍ നായകനു ഏതാനും ദിവസത്തെ കൂടി വിശ്രമം ആവശ്യമാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഞ്ജുവിനു പരുക്കേറ്റത്. രണ്ട് ഫോറുകളും മൂന്ന് സിക്സും സഹിതം 19 പന്തില്‍ 30 റണ്‍സെടുത്ത് രാജസ്ഥാന് മികച്ച തുടക്കം നല്‍കിയ സഞ്ജു വേദന സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ബാറ്റിങ് അവസാനിപ്പിച്ച് കളം വിട്ടു. ഡല്‍ഹി സ്പിന്നര്‍ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്ത് നേരിടുന്നതിനിടെയാണ് സഞ്ജുവിനു പരുക്കേറ്റത്.
സഞ്ജുവിനു വാരിയെല്ല് ഭാഗത്താണ് അസഹ്യമായ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ടീം ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു. വിപ്രജ് നിഗം എറിഞ്ഞ പന്ത് നോ ബോള്‍ ആയിരുന്നതിനാല്‍ അംപയര്‍ അടുത്ത പന്ത് ഫ്രീ ഹിറ്റ് അനുവദിച്ചിരുന്നു. കടുത്ത വേദനക്കിടയിലും സഞ്ജു ബാറ്റിങ് തുടരാന്‍ തീരുമാനിച്ചു. തൊട്ടടുത്ത പന്ത് കൂടി നേരിട്ടെങ്കിലും വേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിക്കാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു.