ഐപിഎല്‍ 2024 സീസണ്‍ അവസാനിച്ചതിന് പിന്നാലെ സീസണിലെ താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തിരെഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കിന്‍ഫോ. ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകനായ ശ്രേയസ് അയ്യര്‍ക്കോ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സിനോ ക്രിക്കിന്‍ഫോ ഇലവനില്‍ ഇടമില്ല.
രാജസ്ഥാനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണാണ് ക്രിക്കറ്റിന്‍ഫോ ഐപിഎല്‍ ടീമിന്റെ നായകന്‍. ഓപ്പണര്‍മാരായി സുനില്‍ നരെയ്‌നും വിരാട് കോലിയും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പര്‍ താരമായി സഞ്ജു ഇറങ്ങും. നാലാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരമായ റിയാന്‍ പരാഗാണ് ഇടം പിടിച്ചത്. പിന്നാലെ ലഖ്‌നൗ താരമായ നിക്കോളാസ് പുരനും ക്രീസിലെത്തും. ഫിനിഷര്‍മാരായി ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സും ആന്ദ്രേ റസലുമാണ് ടീമിലുള്ളത്.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് ഇറങ്ങുമ്പോള്‍ കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്ര,രാജസ്ഥാന്‍ റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവര്‍ ബൗളിംഗ് നിരയിലെത്തും. ആര്‍സിബി താരം രജത് പാട്ടീദാര്‍,കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇമ്പാക്ട് സബുകളായി ടീമില്‍ ഇടം നേടിയത്. ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച ട്രാവിസ് ഹെഡ്,അഭിഷേക് ശര്‍മ,ട്രെന്റ് ബൊള്‍ട്ട് എന്നിവര്‍ക്ക് നേരിയ വ്യത്യാസത്തിലാണ് സ്ഥാനം നഷ്ടമായതെന്ന് ക്രിക്കിന്‍ഫോ വ്യക്തമാക്കി.