ഐപിഎല്‍ 2024 സീസണില്‍ മറ്റ് ടീമുകള്‍ക്കെതിരെ മൃഗീയമായ ആധിപത്യം നേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇക്കുറി കിരീടം സ്വന്തമാക്കിയത്. 25 കോടിയോളം മുതല്‍ മുടക്കി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചു എന്നതൊഴിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ നിരയുമായാണ് കൊല്‍ക്കത്ത സീസണ്‍ തുടങ്ങിയത്. ഗൗതം ഗംഭീര്‍ മെന്റര്‍ റോളില്‍ തിരികെയെത്തിയതും സുനില്‍ നരെയ്‌ന് ഓപ്പണിംഗ് റോള്‍ തിരികെ കൊടുത്തതും കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായെങ്കിലും പ്ലേ ഓഫ് മത്സരങ്ങളില്‍ വെങ്കിടേഷ് അയ്യരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്.
പ്രധാന ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദം മൂലം മത്സരങ്ങള്‍ കൈവിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് താനെന്ന് ഈ സീസണില്‍ വെങ്കിടേഷ് അയ്യര്‍ കാണിച്ചുതന്നിരിക്കുകയാണ്. നോക്കൗട്ടിന്റെ സമ്മര്‍ദ്ദത്തില്‍ റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍,ശിവം ദുബെ അടക്കമുള്ള താരങ്ങള്‍ പതറിയപ്പൊള്‍ അവസാന ക്വാളിഫയര്‍,ഫൈനല്‍ മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയുമായി വെങ്കിടേഷ് തിളങ്ങി. ഹൈദരാബാദിനെതിരെ ആദ്യ ക്വാളിഫയറില്‍ 28 പന്തില്‍ 51 റണ്‍സും ഫൈനല്‍ മത്സരത്തില്‍ 26 പന്തില്‍ 52 റണ്‍സുമാണ് താരം അടിച്ചെടുത്തത്.
ഫൈനല്‍ മത്സരത്തില്‍ ആദ്യ വിക്കറ്റ് വീണ് ക്രീസിലെത്തിയ വെങ്കിടേഷ് ഫൈനലിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ബാറ്റ് വീശിയത്. നിര്‍ണായക മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്കും സാധിക്കുമെന്ന് തന്റെ പ്രകടനങ്ങളിലൂടെ വെങ്കിടേഷ് പറയുന്നു. ലോകകപ്പില്‍ ഇന്ത്യ മിസ് ചെയ്യുന്നതും വെങ്കിടേഷിനെ പോലെ നോക്കൗട്ട് മത്സരങ്ങളുടെ സമ്മര്‍ദ്ദമേല്‍ക്കാത്ത താരങ്ങളെയാകും.