ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി പതറിയെങ്കിലും 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി വിജയത്തിലെത്തി.
നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ചെറിയ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഡല്‍ഹിയെ വിറപ്പിച്ചത്. ആദ്യ ഓവറിലെ ആദ്യ പന്തില്‍ നിന്ന് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായെ ഗോള്‍ഡന്‍ ഡക്കിന് ഉമേഷ് യാദവ് മടക്കി. പിന്നീട് ഈ ഓവറില്‍ രണ്ട് ഫോര്‍ അടക്കം 11 റണ്‍സാണ് ഉമേഷ് യാദവ് വഴങ്ങിയത്. ആദ്യ ഓവറില്‍ ഉമേഷ് യാദവ് വഴങ്ങിയ 11 റണ്‍സാണ് കളിയുടെ മൊമന്റം തങ്ങളില്‍ നിന്ന് നഷ്ടപ്പെടുത്തിയതെന്ന വിചിത്ര വാദവുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍.
നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങിയിട്ടും ശ്രേയസ് അയ്യര്‍ ഉമേഷ് യാദവിനെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വാദം. 'ഉമേഷ് വിക്കറ്റെടുത്ത് തുടങ്ങി, പക്ഷേ ആ ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്തു. എനിക്ക് തോന്നുന്നു അവിടെയാണ് കളിയുടെ മൊമന്റം ഞങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടത്. എങ്കിലും ഈ സീസണില്‍ ഞങ്ങള്‍ക്ക് വേണ്ടി നല്ല കുറേ ഓര്‍മകള്‍ അദ്ദേഹം തന്നുകഴിഞ്ഞു,' മത്സരശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു.