Shreyas Iyer: കൊല്‍ക്കത്ത ഇത് കാണുന്നുണ്ടോ? പഞ്ചാബിനായുള്ള ആദ്യ കളിയില്‍ തകര്‍ത്തടിച്ച് ശ്രേയസ്, സെഞ്ചുറി 'ഭാഗ്യമില്ല'
27 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ പഞ്ചാബ് നായകന്‍ പിന്നീട് 97 ലേക്ക് എത്തിയത് വെറും 15 പന്തുകള്‍ കൂടി നേരിട്ടാണ്
Shreyas Iyer: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച് പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് 42 പന്തുകളില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലിലെ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 230.95 പ്രഹരശേഷിയില്‍ ഒന്‍പത് സിക്‌സും അഞ്ച് ഫോറുകളും അടങ്ങിയതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ ശ്രേയസിനു സ്‌ട്രൈക് ലഭിക്കാതിരുന്നതിനാല്‍ സെഞ്ചുറി നഷ്ടമായി.
27 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ പഞ്ചാബ് നായകന്‍ പിന്നീട് 97 ലേക്ക് എത്തിയത് വെറും 15 പന്തുകള്‍ കൂടി നേരിട്ടാണ്. പ്രസിദ് കൃഷ്ണയുടെ ഒരോവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് ശ്രേയസ് അടിച്ചുകൂട്ടി.
കൊല്‍ക്കത്തയ്ക്കു കഴിഞ്ഞ വര്‍ഷം കിരീടം നേടിക്കൊടുത്ത നായകനാണ് ശ്രേയസ്. ഫ്രാഞ്ചൈസിയോടുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് താരം കൊല്‍ക്കത്തയില്‍ തുടരാതിരുന്നത്. പിന്നീട് മെഗാ താരലേലത്തില്‍ ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കുകയും നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നത്തെ തകര്‍പ്പന്‍ ഇന്നിങ്‌സിനൊപ്പം ട്വന്റി 20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് തികയ്ക്കാനും ശ്രേയസിനു സാധിച്ചു.